തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല ഭംഗിയായി നിർവഹിക്കാൻ ഇനി യുവ ഐപിഎസുകാരൻ എത്തുന്നു. പാലക്കാട് കെഎപി 2 ബറ്റാലിയൻ കമാൻഡന്റായിരുന്ന അജിത് കുമാർ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണറായി രണ്ടു ദിവസത്തിനകം ചുമതലയേൽക്കും.
കുറ്റാന്വേഷണത്തിൽ അതീവ താത്പര്യമുള്ള ശാന്ത സ്വഭാവക്കാരനായ അജിത്കുമാറിന് തലസ്ഥാനത്തേക്കുള്ള പോസ്റ്റിംഗ് കൂടുതൽ ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷ. ആദ്യമായിട്ടാണ് ഒരു നഗരത്തിന്റെ ക്രമസമാധാനചുമതല 32കാരനായ അജിത് കുമാറിനെ തേടിയെത്തുന്നത്. അജിത് കുമാറിന് ട്രാഫിക്കിന്റെ ചുമതല കൂടിയുണ്ട്.
2017 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് കുമാർ ജാർഖണ്ഡ് സ്വദേശിയാണ്. എങ്കിലും മലയാളം നന്നായി വഴങ്ങും. തൃശൂർ ഒല്ലൂരിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ ചുറുചുറുക്കുള്ള ഐപിഎസുകാരൻ വയനാട് കൽപ്പറ്റയിൽ എഎസ്പിയായിട്ടായിരുന്നു ഔദ്യോഗിക യാത്രയ്ക്ക് ആരംഭിച്ചത്.
നാഗ്പൂർ ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗ് പൂർത്തിയാക്കിയ അജിത്കുമാർ അഞ്ചുവർഷത്തോളം ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ എഞ്ചിനീയറായി ജോലി നോക്കിയിരുന്നു. ഇതിനിടെയാണ് ജോലി വേണ്ടെന്നുവച്ച് ഐപിഎസ് സ്വപ്നത്തിനായി ഇറങ്ങിച്ചിരിച്ചത്.
കോസ്റ്റൽ പൊലീസ് സ്റ്റേഷനടക്കം നഗരത്തിലെ 24 സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയ്ക്കൊപ്പം നഗരത്തിലെ കുറ്റകൃത്യങ്ങളും ലഹരി കൈമാറ്റവും ഉപയോഗവും ചെറുക്കുന്നതടക്കമുള്ള വലിയ വെല്ലുവിളികളാണ് പുതിയ ഡിസിപിയെ കാത്തിരിക്കുന്നത്.
എകെജി സെന്റർ ആക്രമണമടക്കമുള്ള നിരവധി സംഭവങ്ങളാണ് നഗരത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അരങ്ങേറിയത്. ആറുമാസത്തിനിടെ തുടർച്ചയായി നഗരത്തിൽ കൊലപാതകൾ നടന്നതും ക്രമസമാധാന പാലനത്തിന് ഭീഷണിയായിരുന്നു. ഈ വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തിയാകും പുതിയ ഡിസിപിയുടെയും നടപടികൾ.
Discussion about this post