കൊച്ചി: നടന്‍ സോനു സൂദിന്റെ കാരുണ്യ മനസ്സിലൂടെ വീണ്ടുമൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക്. കരള്‍ രോഗബാധിതനായ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിനാണ് കരള്‍ മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച് തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് മുഹമ്മദ് സഫാന്റേത്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തിയിരുന്നു.
തെലങ്കാന സ്വദേശികളാണ് മാതാപിതാക്കള്‍. ഇവര്‍ കുഞ്ഞിന് ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയും കൂട്ടിയിരുന്നു.
ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്.
മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post