തൊടുപുഴ: മദ്യപിച്ച ശേഷം ‘കെജിഎഫ്’ സിനിമയിലെ ‘അധീര’ കഥാപാത്രമായി സങ്കൽപിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി അണക്കര പുല്ലുവേൽ സ്വദേശിയായ 27കാരനായ ജിഷ്ണു ദാസ് ആണ് പിടിയിലായത്.
ഭാര്യയെ കൈയ്യിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ചു മുഖത്ത് ഉൾപ്പെടെ ഇടിച്ചു സാരമായി പരുക്കേൽപ്പിച്ചിട്ടുണ്ട്. ശേഷം, കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. ക്രൂരത അറിഞ്ഞു ഓടിയെത്തിയ ഭാര്യാ പിതാവിന്റെ മുൻപിൽ വച്ചും ജിഷ്ണു ക്രൂരമായി മർദിച്ചു. തുടർന്നാണ് ഇവർ പോലീസിനെ സമീപിച്ചത്.
പരാതി കിട്ടിയ ഉടനെ ‘ഗ്യാങ്’ ആയി എത്തിയ വണ്ടൻമേട് പോലീസ് ‘മോൺസ്റ്റർ’ ആയ ജിഷ്ണുദാസിനെ പൊക്കിയെടുത്ത് ജീപ്പിലിടുകയും ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജിഷ്ണുവിനെതിരെ പോലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജെസിബി ഡ്രൈവർ ആണ് ജിഷ്ണു ദാസ്.