മലപ്പുറം: കഴിഞ്ഞ വലിയ പെരുന്നാൾ ദിനത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ച വയോധികന് ഒരുവർഷത്തിനിപ്പുറം നീതി. 2021 ജുലൈ 21ന് വലിയ പെരുന്നാൾ ദിവസം പുലർച്ചെ വഴിക്കടവിൽ വെച്ച് ബൈക്ക് ഇടിച്ച് മരിച്ച പാലാട് മൂച്ചിക്കൽ മുഹമ്മദ് കുട്ടി (70)യുടെ മരണത്തിന് കാരണക്കാരായ ബൈക്ക് യാത്രികരെയാണ് പോലീസ് സാഹസമായ അന്വേഷണത്തിലൂടെ പിടിയികൂടിയിരിക്കുന്നത്.കാരപ്പുറം കുണ്ടംകുളം മുഹമ്മദ് സലിം (22), കോച്ചേരിയിൽ അഖിൽ (23) എന്നിവരെയാണ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റുചെയ്തത്.
അന്ന് പെരുന്നാൾ ദിനത്തിൽ പള്ളിയിലേക്ക് പുലർച്ചെ പുറപ്പെട്ട മുഹമ്മദ് കുട്ടിയെ ഇടിച്ചിട്ട് വണ്ടി നിർത്താതെ പോവുകയായിരുന്നു. നിലമ്പൂർ സബ് ഇൻസ്‌പെക്ടറായിരുന്ന അസൈനാരുടെ പിതാവായിരുന്നു മുഹമ്മദ് കുട്ടി. കൃത്യസമയത്ത് ചികിത്സ കിട്ടാതെയായരുന്നു മുഹമ്മദ് കുട്ടിയുടെ മരണം.
തുടർന്ന് പോലീസ് ഉദ്യോഗസ്ഥന്റെ പിതാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം തേടിയുള്ള പോലീസ് സേനയുടെ അന്വേഷണം സിനിമാക്കഥപോലെയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം അരിച്ചുപെറുക്കിയിട്ടും ബൈക്കിന്റെ നമ്പർ വ്യക്തമാകുന്ന ഒരു ഫോട്ടോ പോലും ലഭിച്ചില്ല.
ബൈക്കിന്റെ ലൈറ്റ് ഓഫാക്കിയത് കാരണമാണ് നമ്പർ ലഭിക്കാതെ പോയത്. പിന്നീട് മൊബൈൽഫോൺ ഉപയോഗിച്ചവരെ കണ്ടെത്താനായി ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചൊക്കെ അന്വേഷണം നടത്തിയെങ്കിലും അതും എവിടെയും എത്തിയില്ല. വയോധികനെ ഇടിച്ചിട്ട് പ്രതികൾ വാഹനംനിർത്താതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ അഖിലിന് പരിക്ക് പറ്റിയെങ്കിലും ചികിത്സ തേടിയിരുന്നില്ല. അതുകൊണ്ടുതന്നെ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയവരെ കണ്ടെത്താൻ പോലീസ് ശ്രമിച്ചെങ്കിലും പ്രതികൾ വഴുതിമാറി.
ന്യൂജെൻ ബൈക്ക് ആണ് എന്നതിനാൽ തന്നെ അതേമോഡൽ ബൈക്ക് ഉടമകളെ കണ്ടെത്തിയും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനായി പിന്നീട് ശ്രമം. പലരേയും ചോദ്യം ചെയ്‌തെങ്കിലും അപകടത്തെ കുറിച്ചുള്ള സൂചന ഒന്നും ലഭിച്ചില്ല.
ഇതോടെയാണ് ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ശൈലി മാറ്റിപിടിച്ചത്. അപകടമുണ്ടായ അന്നേദിവസം ഇൻഷുറൻസ് പുതുക്കിയ ബൈക്ക് ഉടമകളെ തേടിയായിരുന്നു പിന്നീട് പോലീസ് ഇറങ്ങിയത്. ഇൻഷൂറൻസ് പുതുക്കിയിട്ടില്ലാത്ത ബൈക്ക് ഉടമ ആണെങ്കിൽ ഈ അപകടത്തിന് ശേഷം കേസ് ഭയന്ന് ഇൻഷുറൻസ് പുതുക്കുമെന്ന് പോലീസിന് ഉറപ്പായിരുന്നു. ഈ വഴിക്ക് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ മുഹമ്മദ് സലിമിനേയും അഖിലിനേയും പോലീസ് പിടികൂടിയത്.ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അപകടത്തിന് ശേഷം നിമിഷങ്ങൾക്കകം ഇവർ ഇൻഷൂറൻസ് പുതുക്കിയിരുന്നു. ഈ അന്വേഷണത്തിലൂടെ 363-ാം ദിവസമാണ് പ്രതികൾ പോലീസിന്റെ വലയിലായത്.
അപകടം നടന്നത് 2021 ജുലൈ 21ന് പുലർച്ചെ ആയിരുന്നു. അന്ന് മുഹമ്മദ് കുട്ടിയെ ഇടിച്ചിട്ടവർ ആരെയെങ്കിലും അറിയിച്ചിരുന്നുവെങ്കിൽ തന്നെ ആ വയോധികന്റെ ജീവൻ രക്ഷിക്കാമായിരുന്നു. റോഡരികിൽ വീണുകിടക്കുന്നയാളെ കണ്ട് മദ്യപനാണെന്ന് കരുതി വഴിയാത്രക്കാരും അവഗണിക്കുകയായിരുന്നു. പിന്നീട് ആംബുലൻസ് ഡ്രൈവറെത്തിയാണ് അപകടമാണ് എന്ന് മനസിലാക്കി ആശുപത്രിയിൽ എത്തിച്ചത്.
കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണ് മുഹമ്മദ് കുട്ടിയുടെ മരണമെന്നത് നാട്ടുകാരേയും വിഷമത്തിലാഴ്ത്തിയിരുന്നു. ചികിത്സ ഉറപ്പാക്കിയിരുന്നെങ്കിൽ മനഃപൂർവ്വമല്ലാത്ത നരഹത്യ എന്ന ഇളവെങ്കിലും കേസിൽ പ്രതികൾക്ക് ലഭിച്ചേനെ. പക്ഷെ ഇവരുടെ ക്രൂരമായ പെരുമാറ്റത്തിലാണ് വയോധികന്റെ മരണം സംഭവിച്ചത് എന്നതിനാൽ തന്നെ നരഹത്യയ്ക്കാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഡിവൈഎസ്പിമാരായ സാജു കെ എബ്രഹാം, പി അബ്ദുൾ ബഷീർ, പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ രാജേഷ് കുട്ടപ്പൻ, എംപി സുനിത, റിയാസ് ചീനി, ഇജി പ്രദീപ്, എസ് പ്രശാന്ത്കുമാർ, വിനോദ്, ബിനോബ്, ജാബിർ, ബഷീർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.