കൊച്ചി: ഈ അച്ഛന്റെ ത്യാഗത്തിനും മക്കളെ കുറിച്ച് കണ്ട സ്വപ്നങ്ങള്‍ സഫലമാക്കുന്നതിനായി ചെയ്ത കഠിനാധ്വാനത്തിനും അഭിനന്ദനങ്ങളോ കൈയ്യടികളോ തികയാതെ വരും, അത്രയും മഹത്തരമാണ് പാലക്കാട്ട് ചിറക്കാട്ടെ ഓട്ടോ ഡ്രൈവറായ വിജയന്റെ പ്രവര്‍ത്തികള്‍. തനിക്ക് ചെയ്യാന്‍ സാധിക്കാതെ പോയ സ്വപ്നങ്ങള്‍ മക്കളിലൂടെ സാക്ഷാത്കരിച്ച നിര്‍വൃതിയിലാണ് ഈ സാധാരണക്കാരന്.
കഴിഞ്ഞ രണ്ടു ദിവസം വിജയന് പാലക്കാട് ചിറക്കാട്ടെ ഓട്ടോ സ്റ്റാന്‍ഡിലേക്കു പോയിട്ടില്ല. പകരം കൊച്ചിയിലായിരുന്നു. കേരളത്തിന്റെ സൗന്ദര്യറാണി പട്ടത്തിനായി തന്റെ മകള്‍ മാറ്റുരയ്ക്കുന്നതു നേരിട്ടു കാണാന്‍. തനിക്കു നഷ്ടപ്പെട്ടതൊന്നും മക്കള്‍ക്കു നഷ്ടപ്പെടരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെ രാപ്പകല്‍ കഷ്ടപ്പെട്ട അച്ഛന്റെ മുന്നിലേക്ക്, മിസ് കേരള ഫസ്റ്റ് റണ്ണറപ്പിന്റെ കിരീടമണിഞ്ഞു മകള്‍ വിബിതയെത്തി.
സൗന്ദര്യ നേട്ടത്തിന്റെ അഭിമാനത്തോടെ മകള്‍ സദസിലെ ആള്‍ക്കൂട്ടത്തില്‍ ആദ്യം തേടിയത് അച്ഛന്റെ മുഖമായിരുന്നു. മുഖം പൊത്തിക്കരയുന്ന അച്ഛനെ കണ്ടപ്പോള്‍ വിബിതയ്ക്കും വിതുമ്പലടക്കാനായില്ല.
വേദിയില്‍ പൊട്ടിക്കരഞ്ഞ വിബിതയുടെ അരികിലേക്ക് അവതാരകരുടെ ആവശ്യപ്രകാരം അച്ഛനമ്മമാരെത്തി. ആ സ്നേഹാലിംഗനം സദസിലും വേദിയിലുമുള്ളവരുടെ കണ്ണുനിറച്ചു. ഇങ്ങനെയൊരു നിമിഷം തന്റെ ജീവിതത്തിലുണ്ടാകുമെന്നു കരുതിയിരുന്നില്ലെന്നു വിബിത പറയുന്നു. അത്രയേറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. ”അച്ഛന് ഓട്ടോ ഓടിച്ചു കിട്ടുന്നതായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. ഞങ്ങള്‍ 3 മക്കളാണ്. 3 പേരും പഠിക്കുന്നു.
പക്ഷേ, കുട്ടികളെ കഴിയുന്നത്ര ഉയരത്തിലെത്തിക്കണമെന്ന വാശിയുണ്ടായിരുന്നു അച്ഛന്. പുതുശേരിയിലെ സെവന്ത്ഡേ ഐസിഎസ്ഇ സ്കൂളിലാണ് പഠിച്ചത്. ഫീസ് കൊടുക്കാനില്ലാത്തതിനാല്‍ ഒരു വര്‍ഷം സ്കൂളില്‍ പോകാതിരുന്നിട്ടുണ്ട്. എന്നിട്ടും സ്കൂള്‍ മാറ്റാന്‍ അച്ഛന് തയ്യാറായിരുന്നില്ല. കൂടുതല്‍ സമയം ജോലി ചെയ്ത് ഫീസ് കണ്ടെത്തി. ”മിസ് കേരള മല്‍സരത്തില്‍ പങ്കെടുക്കുന്ന മല്‍സരാര്‍ഥികളുടെ പ്രൊഫൈലുകള്‍ കണ്ടപ്പോള്‍ എല്ലാവരും വലിയ ആളുകളാണ്.
തിരിച്ചുപോരട്ടേയെന്നു ഞാന്‍ അച്ഛനോടു ചോദിച്ചു. അച്ഛന് സമ്മതിച്ചില്ലെന്നു മാത്രമല്ല, മല്‍സരത്തിന്റെ അവസാനം വരെ ആത്മവിശ്വാസത്തോടെ പങ്കെടുക്കാനുള്ള ധൈര്യവും നല്കി.” വിബിത രണ്ടു വര്‍ഷമായി ഈറോഡ് സിന്‍ഡിക്കറ്റ് ബാങ്കില്‍ ഉദ്യോഗസ്ഥയാണ്. സഹോദരന് എയര്‍ഫോഴ്സിലാണ്. അനുജത്തി പഠിക്കുന്നു. മക്കളെല്ലാം ഉയരങ്ങളിലെത്തണമെന്ന ആഗ്രഹവും അതിനു വേണ്ടിയുള്ള അച്ഛന്റെ പരിശ്രമവുമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നു വിബിത പറയുന്നു.
Discussion about this post