പൂജയ്ക്ക് അധ്യാപികയാവണം; ലക്ഷ്യം നേടാൻ ദേശീയപാതയോരത്ത് ലോട്ടറി വിറ്റ് ഈ മിടുക്കി; ദുരനുഭവങ്ങളും കുറവല്ലെന്ന് സാക്ഷ്യം

ഹരിപ്പാട്: എംകോം കഴിഞ്ഞ് ബിഎഡിന് ചേർന്ന പൂജയ്ക്ക് അധ്യാപികയാകാൻ താണ്ടാനുള്ളത് കനൽ വഴികളാണ്. സ്വന്തമായി വരുമാനം കണ്ടെത്തിയാണ് ഈ പെൺകുട്ടിയുടെ പഠനം. അധ്യാപികയാകാനുള്ള സ്വപ്‌നദൂരത്തേക്ക് സഞ്ചരിക്കാനായി ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ് ഹരിപ്പാട് വെട്ടുവേനി സ്വാമി മന്ദിരത്തിൽ പി രാജന്റെ മകൾ എസ് പൂജ(27).

രാവിലെ ആറരയോടെ വീട്ടിൽ നിന്നിറങ്ങി 5 കിലോമീറ്റർ നടന്നു ദേശീയപാതയിലെ താമല്ലാക്കൽ എത്തിയാണ് പൂജയുടെ ലോട്ടറി കച്ചവടം. ഇവിടെ പെട്രോൾ പമ്പിലും ദേശീയപാതയോരത്തും ലോട്ടറി ടിക്കറ്റ് വിൽക്കും. വൈകിട്ട് ആറു മണിയോടെ തിരിച്ചു വീട്ടിലേക്കും നടക്കും. ദേശീയപാതയിലൂടെ വാഹനത്തിൽ പോകുന്നവരും പെട്രോൾ പമ്പിൽ എത്തുന്നവരുമാണ് പൂജയുടെ ടിക്കറ്റിന്റെ ഉപഭോക്താക്കൾ. ഒരുദിവസം 120 ടിക്കറ്റ് വരെ വിൽക്കുമെന്നും 600 രൂപയോളം മിച്ചം ലഭിക്കുമെന്നുമാണ് പൂജ പറയുന്നത്.

പൂജയുടെ ഈ കഷ്ടപ്പാടെല്ലാം സ്വപ്‌നം നേടിയെടുക്കാനാണ്. കൂടെ പിന്തുണയുമായി അമ്മയും അച്ഛനും കഠിനധ്വാനവുമായി പൂർണപിന്തുണ നൽകുന്നുണ്ട്. ഹരിപ്പാട്ടാണ് കുടുംബ വീടെങ്കിലും പൂജയും കുടുംബവും 27 വർഷം മുൻപ് മലപ്പുറത്തേക്ക് താമസം മാറ്റിയിരുന്നു. പിന്നീട് കോവിഡ് കാലം വന്നതോടെയാണ് ജീവിതം വലിയ പ്രതിസന്ധിയിലേക്ക് പോയത്.

അമ്മ സിന്ധുവിന് ജോലിയില്ല. കൂലിപ്പണിക്കാരനായ പിതാവിന് വരുമാനവും നിലച്ചു. ഇതോടെ പൂജയുടെയും സഹോദരിയുടെയും വിദ്യാഭ്യാസത്തിനുള്ള ചെലവു കണ്ടെത്താൻ കഴിയാതെ കുടുംബം ബുദ്ധിമുട്ടി. കോവിഡ് കാലം കഴിഞ്ഞതോടെ പിതാവ് ലോട്ടറി ടിക്കറ്റ് വിൽപന തുടങ്ങുകയായിരുന്നു.

ALSO READ- ഉച്ചമയക്കത്തിനിടെ വയോധികയുടെ കമ്മൽ പറിച്ചെടുക്കാൻ ശ്രമം; ചെവിയറ്റ് 90കാരിക്ക് ദുരിതം

ഈസമയത്താണ് എംകോം കഴിഞ്ഞ പൂജ ബിഎഡിനു ചേർന്നത്. തുടർന്ന് പഠനച്ചെലവ് കണ്ടെത്താൻ അച്ഛനൊപ്പം ലോട്ടറി വിൽപനയ്ക്ക് കൂടാമെന്ന് പൂജ തീരുമാനിച്ചു. ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിലും മലപ്പുറത്തു നിന്നു ഹരിപ്പാട്ടെത്തും. ടിക്കറ്റ് വിൽപ്പന നടത്തും. വിറ്റ ടിക്കറ്റിന് ചെറിയ സമ്മാനങ്ങൾ അടിക്കാറുണ്ട്. അതിന്റെ കമ്മിഷൻ ലഭിക്കുന്നതും ഒരു വരുമാനമാണ.്

ഇതിനിടെ അമ്മ സിന്ധുവിന് മലപ്പുറത്തെ പട്രോൾ പമ്പിൽ ജോലി കിട്ടി. എല്ലാവരുടെയും വരുമാനം ഉപയോഗിച്ചു കതകും ജനലുകളുമില്ലാതിരുന്ന വീട് ഇപ്പോൾ അടച്ചുറപ്പുള്ളതാക്കിയതാണ് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ഇക്കാലയളവിൽ ഒട്ടേറെ നല്ല അനുഭവങ്ങളുമുണ്ടായെങ്കിലും മോശം അനുഭവങ്ങളും ലോട്ടറി കച്ചവടത്തിനിടെ ഉണ്ടാവാറുണ്ടെന്ന് പൂജ പറയുന്നു.

ALSO READ- ഈ യാത്രയ്ക്ക് ഒരു ജീവന്റെ വില; പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി കരിപ്പൂരിൽ നിന്നും നാലുപേർ സൗദിയിലേക്ക് യാത്രയായി

പഠനത്തിനു വേണ്ടിയാണ് ലോട്ടറി വിൽക്കുന്നെതെന്ന് അറിഞ്ഞ് ചിലർ ടിക്കറ്റ് കൂടുതലായി വാങ്ങുന്നത് വലിയ സഹായാമാണ്. എന്നാൽ, ലോട്ടറി ടിക്കറ്റ് വാങ്ങാൻ എന്ന വ്യാജേന എത്തിയവർ മോശമായി പെരുമാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു പൂജ പറയുന്നു. ആദ്യമായുണ്ടായ മോശം അനുഭവത്തിൽ കണ്ണു നിറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഒരാൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതും വലിയ ആശങ്കയായി. തുടർന്ന് പോലീസിൽ പരാതി നൽകിയെന്നും പൂജ പറഞ്ഞു.

Exit mobile version