കൊച്ചി: ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണെന്ന് വ്യക്തമാക്കി നടൻ ലാൽ രംഗത്ത്. കൊവിഡ് സമയത്ത് സാമ്പത്തിക പ്രശ്‌നം വന്നപ്പോൾ അഭിനയിച്ചതാണെന്നും ഇനി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും നടൻ കൂട്ടിച്ചേർത്തു. പ്രമുഖ ചാനലിനോടായിരുന്നു ലാലിന്റെ പ്രതികരണം.
‘കൊവിഡ് സമയത്ത് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് വന്ന പരസ്യമായിരുന്നു. തിരിച്ചും മറിച്ചും കുറേ ആലോചിച്ചു. സർക്കാർ അനുമതിയോടെ ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണ്.
പക്ഷെ അത് ഇത്രയും വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്നോ ആത്മഹത്യയുണ്ടാക്കുമെന്നോ കരുതിയില്ല. ഇനി ഇത്തരം പരസ്യങ്ങളിൽ തലവയ്ക്കില്ല. റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ സങ്കടമുണ്ട്.’- ലാൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാതാരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിയമസഭയിൽ മന്ത്രി വിഎൻ വാസവനോടാണ് ഗണേഷ് കുമാർ നിയമസഭയിൽ റമ്മി വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്. പിന്നാലെയാണ് നിലപാട് അറിയിച്ച് ലാൽ രംഗത്ത് വന്നത്.
Discussion about this post