കരിപ്പൂർ: അപൂർവ്വമായ ബ്ലഡ് ഗ്രൂപ്പുള്ള നാലുപേർ സൗദിയിലേക്ക് കരിപ്പൂരിൽ നിന്നും വിമാനം കയറിയിരിക്കുകയാണ്. ഒരേയൊരു ലക്ഷ്യമേയുള്ളൂ ഈ യാത്രയ്ക്ക് സൗദിയിൽ ചികിത്സയിൽ കഴിയുന്ന സ്വദേശിയായ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കുക എന്നത്.
ബ്ലഡ് ഡോണേഴ്‌സ് കേരള അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ് ഫാറൂഖ് (തൃശൂർ), മുഹമ്മദ് റഫീഖ് (ഗുരുവായൂർ) മുഹമ്മദ് ഷരീഫ് (പെരിന്തൽമണ്ണ) എന്നിവർ ആണ് സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനായി യാത്ര തിരിച്ചത്. അപൂർവ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിന് ഇന്നലെയാണ് കരിപ്പൂരിൽനിന്ന് പുറപ്പെട്ടത്.
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കുട്ടിക്കാണ് അപൂർവ ഗ്രൂപ് ആയ ബോംബെ ഒ പോസിറ്റീവ് രക്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. ഇതിനായി കുട്ടിയുടെ ബന്ധുക്കൾ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ചിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട്, ബിഡികെ കേരള വൈസ് പ്രസിഡന്റ് സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് മറ്റ് അംഗങ്ങളുമായി ആശയവിനിമയം നടത്തി ബോംബെ ഒ പോസിറ്റീവ് രക്തമുള്ള നാലുപേരെ കണ്ടെത്തിയത്. ഒട്ടും വൈകാതെ തന്നെ യാത്ര തിരിക്കാൻ നാലുപേരും സന്നദ്ധരാവുകയും ചെയ്തു.