തൃശൂർ: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എറണാകുളം സബ്ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യത്തിലെത്തിച്ച് ചികിത്സ ആരംഭിച്ചതായി അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസം, പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. പൾസർ സുനി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആൾ ആണെന്നും അതുകൊണ്ടു ജാമ്യം അനുവദിക്കാനാവില്ലെന്നുമാണ് കോടതി വിധിച്ചത്. ജയിലിൽ കഴിയുന്ന കേസിലെ ഏക പ്രതിയാണു താനെന്നും കേസിന്റെ വിചാരണ ഇനിയും വൈകുമെന്നും ചൂണ്ടിക്കാട്ടിയാണു സുനി ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയതോടെ സുനിയുടെ മാനസികാരോഗ്യം മോശമായി. തുടർന്നാണ് ചികിത്സയ്ക്കായി തൃശ്ശൂരിലെത്തിച്ചത്.
ഈ വർഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ വിചാരണ അവസാനിച്ചില്ലെങ്കിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രകാരമാണ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പൾസർ സുനി അറസ്റ്റിലായത്.
Discussion about this post