തൃശൂർ: യുഎഇയിൽ നിന്നും അവധിക്കെത്തി വാഹനാപകടത്തിൽ ദാരുണമരണം സംഭവിച്ച പ്രവാസി യുവാവ് യാത്രയാകുന്നത് അഞ്ചുപേർക്ക് പുതുജീവൻ സമ്മാനിച്ച്. മസ്തിഷ്‌ക മരണം സംഭവിച്ച് യുവാവിന്റെ അവയവങ്ങളാണ് ഇനി അഞ്ചുപേരിൽ തുടുക്കുക.
പരിയാരം പഞ്ചായത്ത് മുൻ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് വീട്ടിൽ യുജി വേലായുധന്റെ മകനായ യുവി ഗോപകുമാറാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. യുഎഇയിൽ നിന്നും ഒരു മാസത്തെ അവധിക്ക് നാട്ടിൽ എത്തിയ ഗോപകുമാറിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത്.
തലയ്ക്ക് ഗുരുതര പരുക്കേറ്റ ഗോപകുമാറിനെ ആദ്യം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാൽ, ന്യൂറോസർജറി വിഭാഗം കിണഞ്ഞു ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.
മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. തുടർന്ന് ആശുപത്രി അധികൃതർ സർക്കാർ നേതൃത്വം നൽകുന്ന കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങിൽ അറിയിച്ചു.
മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന സാനിയ എന്ന വിദ്യാർത്ഥിനിക്കാണ് ഗോപകുമാറിന്റെ കരൾ മാറ്റിവച്ചത്. രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുന്ന മലപ്പുറം സ്വദേശിക്കും, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗിക്കും ഗോപകുമാറിന്റെ വൃക്കകൾ നൽകി. ഹൃദയവും കോർണിയയും വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്കും ദാനം ചെയ്തു.