കോഴിക്കോട്: അർഥികയെയും അദ്വികയെയും ഉമ്മ നൽകി സ്നേഹത്തോടെ സ്കൂളിലേക്ക് യാത്രയാക്കാൻ അവരുടെ അമ്മ ഇനിയില്ല. രാവിലെ വീട്ടിൽനിന്നിറങ്ങിയ അമ്മ കുട്ടികളുടെ മുന്നിലേക്കെത്തുന്നത് ചേതനയറ്റ ശരീരമായിട്ടാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ തടമ്പാട്ടുതാഴത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അരീക്കാട് അത്തിക്കൽ ഹൗസിൽ അഞ്ജലി (27)യുടെ ജീവൻപൊലിഞ്ഞത്.
കാറിടിച്ച് റോഡിലേക്ക് വീണ സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന അഞ്ജലിയുടെ ദേഹത്ത് ബസ് കയറിയാണ് അപകടമുണ്ടായത്. വേങ്ങേരിയിലെ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പരപ്പൻങ്ങാട്ട് താഴം പ്രകാശന്റെ മകളാണ് അഞ്ജലി. തിങ്കളാഴ്ച രാവിലെ 8.50-ഓടെയായിരുന്നു അപകടം.
കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിൽ വെച്ച് വേങ്ങേരി ഭാഗത്തുനിന്ന് കല്ലായിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു അഞ്ജലിയെ ബ്രേക്കിട്ടപ്പോൾ പിറകെവന്ന കാർ ഇടിച്ചിടുകയായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. പെട്ടെന്നുതന്നെ അഞ്ജലി റോഡിലേക്ക് വീണു. ആ സമയം കോഴിക്കോട്ടുനിന്ന് പറമ്പിൽ ബസാറിലേക്ക് പോകുന്ന ‘കുനിയിൽ’ ബസ് യുവതിയുടെ ദേഹത്ത് കയറിയിറങ്ങുകയും ചെയ്തു.
സംഭവസ്ഥലത്തുവെച്ചുതന്നെ അഞ്ജലി മരിച്ചു. സ്കൂട്ടറിൽ തട്ടിയെന്നു കരുതുന്ന കാർ നിർത്താതെ ഓടിച്ചുപോകുന്നത് തൊട്ടടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കാറിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സിസിടിവി.അടക്കമുള്ളവ ഉടൻ പരിശോധിക്കുമെന്നും ചേവായൂർ പോലീസ് പറഞ്ഞു.
സജീവ കോൺഗ്രസ് പ്രവർത്തകയാണ് അഞ്ജലി. ഭർത്താവ് അരീക്കാട് സ്വദേശി വിപിൻ കാർഗിലിൽ പട്ടാളത്തിലാണ്. ഇരട്ടക്കുട്ടികളായ അർഥിക, അദ്വിക എന്നിവർ മക്കളാണ്. ഇരുവരും മാളിക്കടവ് എംഎസ്എസ് സ്കൂൾ എൽ.കെ.ജി. വിദ്യാർഥിനികളാണ്. അമ്മ: സി. സുജാത, സഹോദരൻ: സി. നിധിൻ. ചൊവ്വാഴ്ച രാവിലെ 10 മുതൽ 11 വരെ തണ്ണീർപന്തലിലെ വീട്ടിൽ പൊതുദർശനത്തിനുവെക്കും. തുടർന്ന് അരീക്കാടുള്ള ഭർത്തൃവീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരച്ചടങ്ങുകൾ അവിടെ നടക്കും.
Discussion about this post