കൊച്ചി: ഇന്‍ഡിഗോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഇന്‍ഡിഗോ ബഹിഷ്‌കരണ ആഹ്വാനത്തിന് പിന്നാലെയാണ് മലയാളികളുടെ പ്രതിഷേധം. ഇപിയെ ട്രോളിയും ഇന്‍ഡിഗോയെ ട്രോളിയുമാണ് കമന്റുകള്‍.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രഖ്യാപനം ട്രോള്‍ പേജുകളില്‍ വൈറലായിരിക്കുകയാണ്.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നത് ഇന്‍ഡിഗോ മാത്രമാണെന്ന് ഇതു പറയുമ്പോള്‍ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്ന് ചോദിക്കുന്നവരെയും കാണാം. ഇതിനൊപ്പം കണ്ണൂരിലേക്ക് ഇനി മുതല്‍ നടന്നുപോകുന്ന ഇപി, ആകാശത്ത് കൂടി പറക്കുന്ന ഇന്‍ഡിഗോ വിമാനത്തിന് കല്ലെറിയാന്‍ നോക്കുന്ന അണികള്‍, ഇന്‍ഡിഗോ പെയിന്റ് കടയ്ക്ക് മുന്നിലെ പ്രതിഷേധം, വിമാനത്തിന്റെ വില ചോദിക്കുന്ന യുവ നേതാവ്.
അങ്ങനെ തലങ്ങും വിലങ്ങും ഇപി ട്രോളുകളില്‍ നിറയുകയാണ്. നടന്നു പോയാലും ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി കയറില്ലെന്നാണ് ഇപി ജയരാജന്റെ നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി.
ജൂണ്‍ 12ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വലിയതുറ പോലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തിരുന്നു.