നെടുമ്പാശേരി: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ മൺസൂൺ ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ. ഒന്നാം സമ്മാനം ലഭിച്ചത് വിമാനത്താവളത്തിൽ വിറ്റ എംഎ 235610 എന്ന ടിക്കറ്റിനാണെന്ന് ടിക്കറ്റ് വിറ്റ റോസിലി പറയുന്നു.
അതേസമയം, ഇതുവരെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാനെ കണ്ടെത്താനായില്ലെങ്കിലും ജീവിത ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്ന സന്തോഷത്തിലാണ് റോസിലിയും ഭർത്താവ് വർഗീസും. ലോട്ടറിയുടെ കമ്മിഷൻ തുക ഇവരുടെ നിലവിലെ സങ്കടങ്ങളെ മായ്ക്കാൻ പോന്നവയാണ്. ഈ ലോട്ടറി വിറ്റത് അത്താണി പടയാട്ടിൽ റോസിലിയാണ്.
ലോട്ടറിക്ക് ഒരു രൂപ മാത്രം വിലയുള്ളപ്പോൾ അങ്കമാലി ടൗണിൽ ലോട്ടറി വിൽപന ആരംഭിച്ചതാണ് റോസിലിയുടെ ഭർത്താവ് വർഗീസ്. ഇവർ ഏറെക്കാലം വിമാനത്താവള പരിസരത്ത് തട്ടുകട നടത്തി വരികയായിരുന്നു. ഇരുവർക്കും വയ്യാതായതോടെ തട്ടുകട നിർത്തി, പിന്നീട് ലോട്ടറി വിൽപനയിലേക്ക് തിരിഞ്ഞു.
1.2 കോടി രൂപയോളമാണ് ഒന്നാം സമ്മാനത്തിന്റെ ഏജൻസി കമ്മിഷൻ. ദേശീയപാതയോരത്ത് ഓടു മേഞ്ഞ ഷെഡ് പോലെയുള്ള വീട്ടിലാണ് ഈ കുടുംബത്തിൻരെ താമസം. കൂടെ മകനുമുണ്ട്. ഇതേ സ്ഥലത്ത് 5 സെന്റ് സ്ഥലം വാങ്ങി വീട് വച്ചു താമസിക്കണമെന്നതാണ് ഇവരുടെ ആഗ്രഹം.