ആലപ്പുഴ: ഹരിപ്പാട് ഡിപ്പോയിലെ ഈ കെഎസ്ാർടിസി ബസ് കണ്ടാൽ ആരും ഒന്ന് അമ്പരക്കും, ഇതൊരു ആനവണ്ടി തന്നെയാണോ എന്ന്. കാരണം ഈ ബസ് സാധാരണ ഒരു ബസേ അല്ല. നല്ല പാട്ടൊക്കെ കേൾക്കുന്ന മ്യൂസിക്ക് സിസ്റ്റവും, സിസിടിവിയും, എൽഇഡി ബോർഡുമൊക്കെയായി അടിപൊളി ന്യൂജെൻ ബസാണ് ഈ കെഎസ്ആർടിസി ബസ്.
ആലപ്പുഴ-കരുനാഗപ്പള്ളി റൂട്ടിലോടുന്ന ആർഎസ്എ 220 കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗകര്യങ്ങൾ ആരേയും അതിശയിപ്പിക്കുന്നതാണ്. അലങ്കാരങ്ങളൊക്കെ യാത്രക്കാരുടെ യാത്രയെ ഹൃദ്യമാക്കാനായി ഒരുക്കിയിരിക്കുന്നതാണ്.
ബസിനകത്ത് സിസിടിവി ക്യാമറകൾ, എൽഇഡി ഡിസ്പ്ലേ, മുന്നിൽ പൂമാല. പിന്നെ, അങ്ങിങ്ങായി ചിരിക്കുന്ന ഇമോജികൾ പതിപ്പിച്ച ചെറിയ പന്തുകളും കമ്പിയിൽ പലയിടങ്ങളിലായി തത്തിക്കളിക്കുന്ന പാവക്കുഞ്ഞുങ്ങളും ഒക്കെയുണ്ട്. ഒപ്പം ഏറെ വൃത്തിയുള്ള ഇരിപ്പിടങ്ങളും. ‘മൊഞ്ചത്തി’ എന്ന് അനൗദ്യോഗികമായി പേരിട്ടിരിക്കുന്ന ബസിന്റെ ഈ ഭംഗിക്ക് പിന്നിൽ ദമ്പതിമാരായ ഡ്രൈവർ ഗിരിയും കണ്ടക്ടർ താരയുമാണ്.
ഹരിപ്പാട് ഡിപ്പോയിലെ ജീവനക്കാരാണ് തോട്ടപ്പള്ളി വേലഞ്ചിറത്തോപ്പിൽ ഗിരി ഗോപിനാഥും മുതുകുളം താരനിലയത്തിൽ താരയും. കെഎസ്ആർടിസി ഇരുവരുടേയും വെറും ജീവനോപാധി മാത്രമല്ല, 20 വർഷത്തോളം നീണ്ട പ്രണയത്തിന്റെ അടയാളം കൂടിയാണ്. ഇരുവരും സ്വന്തം കൈയ്യിൽ നിന്നും പണമിറക്കിയാണ് ഈ അലങ്കാരങ്ങളെല്ലാം ചെയ്യുന്നത്.
മുൻപ് സ്വകാര്യ സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തിരുന്ന ഗിരിയും താരയും 2000 മുതൽ ഇഷ്ടത്തിലായിരുന്നു. വീട്ടുകാരുടെ ഭാഗത്തുണ്ടായ ചെറിയ എതിർപ്പ് കാരണം വിവാഹം നീണ്ടുപോയി. അതിനിടെയാണ് 2007-ൽ ഗിരിയ്ക്ക് കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിൽ ഡ്രൈവറായി ജോലി കിട്ടിയത്. പിന്നാലെ ഹരിപ്പാട് തന്നെ കണ്ടക്ടറായി താരയും എത്തി. ഇതോടെയാണ് ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങിയത്. തുടർന്ന് 10 വർഷത്തോളം ഒരേ ബസിൽ ജോലി ചെയ്ത ഇരുവരും 2020 ഏപ്രിൽ അഞ്ചിന് വിവാഹിതരായി.
പ്രണയകാലം തൊട്ട് ഒരുമിച്ച് യാത്ര ചെയ്യുന്ന ഇരുവരു പ്രണയം സഫലമാക്കിയ കെഎസ്ആർടിസി ബസിനേയും അലങ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹംകഴിഞ്ഞിട്ടും അതു മുടക്കിയില്ല. മൂന്ന് വർഷമായി ഇരുവരും ‘മൊഞ്ചത്തി’യിൽ ജോലി ചെയ്യുന്നു. ജോലിയുള്ള ദിവസം ഇരുവരും പുലർച്ചേ രണ്ടുമണിയോടെ സ്റ്റേഷനിലെത്തും. രണ്ടു മണിക്കൂറോളമെടുത്ത് ബസ് കഴുകി വൃത്തിയാക്കിയാണ് സവാരി തുടങ്ങുക.
രാവിലെ അഞ്ചരയ്ക്കാണ് ഹരിപ്പാട് നിന്നും ആലപ്പുഴയ്ക്കാണ് ആദ്യ സർവ്വീസ്. അപ്പോഴേക്കും മാലയിട്ടും പൂക്കളും പാവകളും വർണച്ചരടുകളുമെല്ലാം കെട്ടി ബസ് അലങ്കരിച്ചിരിക്കും. ആലപ്പുഴയ്ക്കും കരുനാഗപ്പള്ളിക്കും ഇടയ്ക്കുള്ള സർവീസ് തീരുമ്പോൾ രാത്രി എട്ടരയാകും. അതിനിടയിലാണ് വീട്ടുകാര്യങ്ങൾ സംസാരിക്കുകയെന്ന് ഗിരിയും താരയും പറയുന്നു.
മോഷണം തടയാനും യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായി അടുത്തിടെയാണ് ഇവർ ബസിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. മുന്നിലും പിന്നിലും ഓരോന്നും ഉള്ളിൽ നാലെണ്ണവുമുണ്ട്. രാത്രിയിൽ അവ അഴിച്ച് വയ്ക്കുകയാണ് പതിവ്.