കൂദാശ എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള പരാതയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടൻ ബാബുരാജ് രംഗത്ത്. പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്കും ഭാര്യ വാണി വിശ്വനാഥിനെതിരെയും ഉയർന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് താരം പറയുന്നു. ഭാര്യ വാണിയെ കേസിലേയ്ക്ക് വെറുതെ വലിച്ചിഴയ്ക്കുകയാണെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. താൻ എടുക്കുന്ന നിലപാടുകൾ ഉറക്കം കെടുത്തുന്നവരാണ് ഇത്തരമൊരു ആരോപണത്തിനു പിന്നിലെന്നും ബാബുരാജ് പറയുന്നു.
ബാബുരാജിന്റെ വാക്കുകൾ;
”പ്രതിഫലമോ മറ്റു ചെലവുകളോ ഒന്നും വാങ്ങാതെ ചെയ്ത ഒരു ചിത്രമായിരുന്നു അത്. തന്റെ റിസോർട്ടിന്റെ അക്കൗണ്ട് വഴി 80 ലക്ഷം രൂപയോളം അവർ അയച്ചത് ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായിട്ടായിരുന്നു. തന്റെ ഭാര്യ വാണി വിശ്വനാഥിനെ ഈ കേസിലേക്ക് വെറുതെ വലിച്ചിഴക്കുകയാണ്.
”കൂദാശ എന്ന സിനിമക്ക് ആകെ ചെലവായത് ഒരുകോടി രൂപയാണ്. സിനിമയുടെ സംവിധായകനോട് ചോദിച്ചാൽ സത്യം മനസ്സിലാകും. മാത്രമല്ല എന്റെ ഭാര്യ വാണി വിശ്വനാഥുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിന് വാണിയുടെ പേരുകൂടി വലിച്ചിഴച്ചിരിക്കുകയാണ്. സിനിമയിൽ ഉള്ളവരും എനിക്കെതിരെ പ്രവർത്തിക്കുന്ന ചിലരും ചേർന്നുള്ള ഒരു ഗൂഢാലോചന ഇതിനു പിന്നിൽ ഉണ്ടെന്നുള്ളത് ഉറപ്പാണ്. ഇത് വെറും കള്ള പരാതിയാണ്. ഇവർ എന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് ആലുവ സൂപ്രണ്ടിന് ഞാൻ പരാതി കൊടുത്തിട്ട് ഇവരെ സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ട്.
അന്ന് അവർ അവിടെ വരാതെ ഇപ്പോൾ പാലക്കാട് എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. പലരീതിയിൽ എന്നെ മാനം കെടുത്തുകയാണ് ഇവരുടെ ഉദ്ദേശം. ഈ അടുത്തിടെ ഉണ്ടായ ചില കാര്യങ്ങളിൽ ഞാനെടുത്ത നിലപാട് പലരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. പെണ്ണുകേസിൽ എന്നെപ്പെടുത്താൻ ഇവർക്ക് കഴിയുന്നില്ല. അതാണ് വാസ്തവവിരുദ്ധമായ ഇത്തരം കഥയുമായി വരുന്നത്. വാണിയെ ഈ കാര്യത്തിൽ വലിച്ചിഴച്ചതിന് വാണി മാനനഷ്ട കേസ് ഫയൽ ചെയ്യാൻ പോവുകയാണ്. ഡിനു തോമസ് സംവിധാനം ചെയ്ത് റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017ൽ പുറത്തിറക്കിയ ‘കൂദാശ’ സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിങ് നടന്നത്. താമസം ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിങ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ അക്കൗണ്ട് വഴി ആണ്. ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിങ് ചിലവിലേക്കായി അയച്ചത്.
സിനിമ പരാജയം ആയിരുന്നു, ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല. താമസം ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല. എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്. നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പൊലീസ് കേസുള്ളതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VB creations എന്ന എന്റെ നിർമാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത്. കൂടാതെ കേരളത്തിൽ ഫ്‌ലെക്‌സ് ബോർഡ് വയ്ക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാക്കുകയും ചെയ്തു. സാറ്റ്ലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു എന്നാൽ അത് നടന്നില്ല.
പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ എസ്പി ഓഫിസിൽ പരാതി നൽകി, എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പൊലീസ് സ്റ്റേഷനിൽ വന്നില്ല. സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ്.
കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ വിവരങ്ങൾ കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ളക്കേസ് ആണ് അതിനു എതിരെ ഞാൻ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം. ഒരു കാര്യം ഞാൻ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ ”നിലപാടുകളിൽ ഞാൻ ഉറച്ചു നിൽക്കും.