തിരുവനന്തപുരം: ലോകത്ത് തന്നെ ഏറ്റവും വിലയേറിയ മരുന്നുള്ള അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച കുട്ടികൾക്ക് സൗജന്യ മരുന്നെത്തിച്ച് സർക്കാർ. എസ്എംഎ ചികിത്സ തേടുന്ന കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്‌തെന്ന് ആരോഗ്യമന്ത്രി വീണ ജോർജാണ് അറിയിച്ചത്.
14 കുട്ടികൾക്ക് ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന മരുന്നുകളാണ് നൽകിയത്. ആകെ 14 യൂണിറ്റ് മരുന്നുകളാണ് നൽകിയതെന്നും മന്ത്രി അറിയിച്ചു. സ്പൈനൽ മസ്‌കുലർ അട്രോഫി അസുഖത്തിന് നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏക മരുന്നായ റസ്ഡിപ്ലാം മരുന്നാണ് നൽകിയത്. ക്രൗഡ് ഫണ്ടിംഗ് മുഖേനയും സർക്കാർ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു.
21 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ മരുന്ന് നൽകാൻ തീരുമാനിച്ചത്. രണ്ട് കുട്ടികൾക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വച്ച് മരുന്ന് നൽകി. 12 കുട്ടികൾക്ക് അവരുടെ സൗകര്യം അനുസരിച്ച് കോഴിക്കോട് വച്ച് മരുന്ന് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, എസ്എംഎ രോഗികളുടെ ചികിത്സക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ക്ലിനിക് ആരംഭിച്ചിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഇന്ത്യയിൽ ആദ്യമായിട്ടാണ് അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി അസുഖത്തിന് ഇത്തരത്തിൽ സർക്കാർ തലത്തിൽ മരുന്ന് നൽകുന്നത്.