തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യവിൽപനശാലകൾക്ക് അനുമതി. 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പനശാലകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച ബെവ്കോ ശുപാർശ സർക്കാർ അംഗീകരിച്ചു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിലവിലെ 267ൽ നിന്ന് രണ്ട് മടങ്ങ് വർധനയാണ് ഉണ്ടാകുക.
നീണ്ട ക്യൂവും തിരക്കും ഒഴിവാക്കി മാന്യമായി മദ്യം വാങ്ങാനുള്ള വഴി സർക്കാർ ഉണ്ടാക്കണമെന്ന് കഴിഞ്ഞ വർഷം കേരള ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ഔട്ട്ലെറ്റുകൾ തുറക്കാനുള്ള ബെവ്കോയുടെ നിർദേശം പരിഗണിക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു.
175 പുതിയ ഔട്ട്ലെറ്റുകളും മുൻ യുഡിഎഫ് സർക്കാർ പൂട്ടിയ 68 എണ്ണം പുനഃരാരംഭിക്കാനുമാണ് അനുമതി നൽകിയത്. ഏറ്റവും കൂടുതൽ പുതിയ ഔട്ട്ലെറ്റുകൾ തൃശൂരിലാണ്. 28 പുതിയ ഔട്ട്ലെറ്റുകളാണ് തൃശൂരിൽ ആരംഭിക്കുക. തിരുവനന്തപുരത്ത് 27 ഔട്ട്ലെറ്റും തുറക്കും. ഏറ്റവും കുറവ് കാസർഗോഡും പത്തനംതിട്ടയിലുമാണ്. ഏഴ് ഔട്ട്ലെറ്റുകൾ വീതമാണ് ഇവിടങ്ങളിൽ തുറക്കുക.