തിരുവനന്തപുരം: വീണ്ടും വിവാദം കത്തിച്ച് കോൺഗ്രസ് നേതാക്കളായ സഹോദരങ്ങൾ. വെള്ളനാട് ഗവ. ആശുപത്രിയിലെ ഉദ്ഘാടന വേദിയിലാണ് ഇത്തവം കോൺഗ്രസ് ജനപ്രതിനിധികളായ സഹോദരങ്ങൾ തമ്മിലടിച്ചത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയും സഹോദരൻ വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠനുമാണ് പോരടിച്ചത്.
വെള്ളനാട് ഗവ. ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു സംഭവം. അടൂർ പ്രകാശ് എംപിയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകൻ. ലിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് എംപി വേദി വിട്ടതിന് തൊട്ടുപിന്നാലെയാണ് സഹോദരങ്ങളായ ജനപ്രതിനിധികൾ അടിപിടിയായത്.
വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസംഗിക്കുന്നതിനിടെ വേദിയിൽ കയറിയ വെള്ളനാട് ശശി പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാണ് മറ്റുള്ളവരുടെ ആരോപണം. പിന്നാലെ വേദിയിലുണ്ടായിരുന്ന ശ്രീകണ്ഠൻ ഇത് ചോദ്യംചെയ്യുകയും സംഭവം തർക്കത്തിലും പിന്നാട് തമ്മിലടിയിലും കലാശിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ടുപേരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മുമ്പും പഞ്ചായത്ത് ശിലാഫലകത്തിൽ പേരെഴുതി ചേർത്തത് ഇഷ്ടപ്പെടാതിരുന്ന വെള്ളനാട് ശശി ഫലകം തല്ലി തകർത്തിരുന്നു. പിന്നീട് ഉദ്ഘാടനത്തെ സംബന്ധിച്ച് പഞ്ചായത്ത് സ്ഥാപിച്ച ഫ്ലക്സിൽ സ്വന്തം ഫോട്ടോ ചേർത്തത് കീറി മാറ്റുകയും ചെയ്തിരുന്നു.