‘എന്റെ ഹീറോ, സ്വപ്നം പോലെ ഡോക്ടര്‍ സാമുവലായി, ഇന്ന് വെളുപ്പിന് അയാള്‍ പോയി’; ഓര്‍മ്മക്കുറിപ്പുമായി ലാല്‍ ജോസ്

കൊച്ചി: നടന്‍ പ്രതാപ് പോത്തന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം.
ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം താരത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുണ്ട്.

അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യനെന്നും അയാള്‍ പിന്നീട് എന്റെ സിനിമയില്‍ ഡോക്ടര്‍ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവമെന്നുമാണ് ലാല്‍ ജോസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘അയാളും ഞാനും തമ്മിലുളള ബന്ധം എന്റെ കൗമാരകാലത്ത് തുടങ്ങിയതാണ്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യന്‍. അയാള്‍ പിന്നീട് എന്റെ സിനിമയില്‍ ഡോക്ടര്‍ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവം.
ഇന്ന് വെളുപ്പിന് അയാള്‍ പോയി..നിരവധി നല്ലോര്‍മ്മകള്‍ ബാക്കിവച്ച്…,’ ലാല്‍ ജോസ് കുറിച്ചു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രതാപ് പോത്തന്‍ തകര, ലോറി, ചാമരം എന്നീ ക്ലാസിക്കുകള്‍ അടക്കം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടനായും സഹനടനായും വില്ലനായും ആസ്വാദകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് അദ്ദേഹം.

അയാളും ഞാനും തമ്മില്‍, 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ് എന്നിവയിലെ കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

Exit mobile version