വാഴക്കാട്: വിദ്യാർത്ഥികളിൽ നിന്ന് തോന്നുംപോലെ കൺസഷൻ ഈടാക്കിയ സ്വകാര്യ ബസുകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി വിജയം കണ്ട് വിദ്യാർത്ഥിനി. വിവരാവകാശ നിയമമുപയോഗിച്ചാണ് വാഴക്കാട് ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജ് രണ്ടാം വർഷ ഇലക്ട്രോണിക്‌സ് വിദ്യാർഥിയും കോഴിക്കോട് മായനാട് സ്വദേശിയുമായ ശിഫാന (17) സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പോരാടിയത്.
കോഴിക്കോട് മായനാട് തട്ടാരത്തിൽ അബ്ദുൽ അസീസിന്റെ മകളായ ശിഫാന കോളജ് യൂണിറ്റ് എസ്എഫ്‌ഐ ഭാരവാഹിയാണ്. എടവണ്ണപ്പാറ – കോഴിക്കോട് റൂട്ടിലാണ് ബസുകൾ തോന്നിയ ചാർജ് വിദ്യാർഥികളിൽ നിന്ന് ഈടാക്കിയിരുന്നത്. 7 രൂപ മുതൽ 10 രൂപ വരെയാണ് പലരിൽ നിന്നും വാങ്ങിയിരുന്നത്. കൊടുക്കാൻ തയാറാവാത്ത വിദ്യാർഥികളെ പരിഹസിക്കുകയും ചെയ്തു. സഹികെട്ടതോടെയാണ് നീതി തേടി ശിഫാന ഒറ്റയാൾ പോരാട്ടം നടത്തിയത്.
വിദ്യാർഥികളുടെ യാത്രക്കൂലിയും റൂട്ടിലെ ഫെയർ സ്റ്റേജും ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മേയ് 7 ന് കോഴിക്കോട് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് അപേക്ഷ നൽകി. എന്നാൽ 19 ന് വിവരങ്ങൾ ലഭ്യമല്ലെന്ന് മറുപടി നൽകി. വിവരം തൃപ്തികരമല്ലാത്തതിനാൽ ജൂൺ 20 ന് കോഴിക്കോട് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർക്ക് അപ്പീൽ നൽകുകയും ചെയ്തു. ജൂലൈ 7 ന് അപ്പീൽ അധികാരി കൃത്യമായ ഫെയർ സ്റ്റേജും യാത്രാ പടിയും ചേർന്ന പട്ടിക അടങ്ങിയ മറുപടി ലഭിച്ചു.
അതുപ്രകാരം കോഴിക്കോട് – എടവണ്ണപ്പാറ റൂട്ടിൽ 10 ഫയർ സ്റ്റേജുകളുണ്ടെന്നും പത്താമത് സ്റ്റേജിൽ 33 രൂപ ബസ് ചാർജ് വാങ്ങുമ്പോൾ വിദ്യാർഥികളോട് വാങ്ങേണ്ടത് നാല് രൂപ മാത്രമാണെന്നും മനസ്സിലായി. മറുപടിയുടെ കോപ്പിയുമായാണ് വിദ്യാർഥികൾ ഇപ്പോൾ ബസുകളിൽ കയറുന്നത്. സംഭവം നാടറിഞ്ഞതോടെ ശിഫാന കോളജിൽ താരമാവുകയും ചെയ്തു. ഇതോടെ സ്വകാര്യ ബസ് ജീവനക്കാരും മൗനം പാലിച്ച അവസ്ഥയാണ്.