ഓണം ബംബറിലൂടെ കോടിപതിയായ ജയപാലനെ ഓർക്കുന്നില്ലേ; ഇപ്പോഴും ഓട്ടോ ഓടിച്ചാണ് ഉപജീവനം; വായ്പയും അടച്ചുതീർന്നില്ല; സമ്മാനപണം ഉപയോഗിച്ചത് മറ്റുകാര്യങ്ങൾക്കെന്ന് വിജയി

കൊച്ചി: മരടിലെ ഓട്ടോക്കാരനായ ജയപാലന്റെ വീട്ടിലേക്ക് ഓണം ബംബറിന്റെ ഒന്നാം സമ്മാനം എത്തിയത് വലിയ വാർത്തയായിരുന്നു. മരട് പൂനപ്പറമ്പിൽ പിആർ ജയപാലൻ ലോട്ടറി വിജയി ആയെങ്കിലും ഇന്നും പതിവുപോലെ സവാരിക്കാരെ കാത്ത് ഓട്ടോറിക്ഷയുമായി സവാരിക്കായി ഇറങ്ങുകയാണ്. ഭാര്യ മണിയാകട്ടെ ചോറ്റാനിക്കര ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിൽ സ്വീപ്പർ ജോലിക്കും പോകുന്നുണ്ട്. ഓണം ബംബർ അടിച്ചതിന്റെ മേനിയിൽ ഒന്നും അല്ല ഇവരുടെ ജീവിതം.

ലോട്ടറിയടിച്ചതിലൂടെ നേട്ടം ഉണ്ടായിട്ടില്ല എന്നല്ല ഇവർ പറയുന്നത്. ഈ പണം കൊണ്ട് കാറും തൃപ്പൂണിത്തുറയിലും പച്ചാളത്തുമായി 11 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ട്. കുറച്ച് കടവും തീർത്തു. കുറച്ചു പണം സഹോദരങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും നൽകുകയും ചെയ്തു. സാമൂഹിക സേവനത്തിനായും പണം ചെലവഴിക്കുന്നുണ്ട്. ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാൻ സേവാഭാരതിക്കായി മാറ്റി. ബാക്കി തുക ഭാര്യയുടെയും മക്കളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. കുടുംബച്ചെലവുകൾക്ക് പണം ഉപയോഗിച്ചിട്ടില്ലെന്നും ജയപാലൻ പറയുന്നു.

ജയപാലന്റെയും മണിയുടേയും മൂത്തമകൻ വൈശാഖ് ഇലക്ട്രീഷ്യനാണ്. മരുമകൾ കാർത്തിക പോസ്റ്റ് വുമണാണ്. ഇളയമകൻ വിഷ്ണു ഹോമിയോ ഡോക്ടറാണ്. ഇപ്പോൾ എംബിബിഎസിന് ചേർന്ന് പഠനം തുടരുകയാണ്. ജയപാലനാകട്ടെ ഓട്ടോ ഓടി ലഭിക്കുന്ന പണം കൊണ്ടാണ് ഓട്ടോയുടെ വായ്പ അടയ്ക്കുന്നത്. അത് ഇതുവരെയും തീർന്നിട്ടില്ല.

ALSO READ- ആറുപേർക്ക് സമ്മാനിച്ചത് പുതുജീവൻ; പ്ലസ്ടു വിദ്യാർത്ഥി യദുകൃഷ്ണൻ യാത്രയായി; മകൻ നഷ്ടപ്പെട്ട വേദനയിലും സന്മനസ് കാണിച്ച കുടുംബത്തിനെ ആദരിച്ച് ഡോക്ടർമാർ

അയൽവാസി വസ്തുവിൽ അതിക്രമിച്ച് കയറിയെന്നുകാട്ടി ജയപാലൻ പോലീസിൽ കേസ് നൽകിയിരുന്നു. ആ സമയത്താണ് പണമില്ലാതിരുന്നപ്പോൾ 5000 രൂപ ലോട്ടറിയടിച്ചത്. ഈ ടിക്കറ്റുമായി തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറി ഏജൻസിയിലെത്തിയപ്പോൾ തന്റെ കേസ് നമ്പറായ ഒഎസ് 645/13നോട് സാമ്യമുള്ള ടിഇ 645 465 നമ്പർ ടിക്കറ്റ് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ആ ടിക്കറ്റ് എടുക്കുകയായിരുന്നു. അതേസമയം, എല്ലാം നിമിത്തമെന്നാണ് ജയപാലന്റെ പക്ഷം.

‘പണം ധൂർത്തടിക്കരുത്. 25 കോടിയുടെ ഭാഗ്യവാനോടും പറയാനുള്ളത് ഇതാണ്. എല്ലാം മഹാവിഷ്ണുവിന്റെ അനുഗ്രഹം. ഒരു ചെമ്മീൻ കെട്ട് വാങ്ങണമെന്ന് ആഗ്രഹമുണ്ട്. അതുവഴി പത്തുപേർക്ക് ജോലിയും നൽകണം’- ജയപാലൻ പറയുന്നു.

Exit mobile version