നെടുങ്കണ്ടം: കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്‌കൂൾ വിദ്യാർഥി ക്ലാസിലെത്തി. ഗ്യാസ് മൂലം കുപ്പിയുടെ അടപ്പ് ഊരിത്തെറിച്ച് ക്ലാസ് മുറിയിലും വിദ്യാർത്ഥികളുടെ യൂണിഫോമിലും മറ്റും കള്ളായതോടെയാണ് സംഭവം വെളിച്ചത്തായത്. ഇതോടെ ക്ലാസ് മുറിയിൽ നിന്ന് വിദ്യാർത്ഥി തന്റെ വീട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. സംഭവം അറിഞ്ഞതോടെ വിദ്യാർത്ഥിക്ക് കൗൺസലിങ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ വിദ്യാലയത്തിലാണ് നാടീകയ സംഭവ വികാസങ്ങൾ നടന്നത്. രാവിലെ സ്‌കൂളിലെത്തിയ വിദ്യാർത്ഥി സ്വയം നിർമിച്ച കള്ള് ബാഗിൽ സൂക്ഷിച്ചിരുന്നു. ഇടയ്ക്ക് കള്ള് എടുത്ത് നോക്കി. ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ച് ഇത് പുറത്തേക്കുവീണു. വിദ്യാർത്ഥികളുടെ യൂണിഫോമിലും കള്ളായി. ഉടനടി, സഹപാഠികൾ അധ്യാപകരെ വിവരം അറിയിച്ചു.
അതേസമയം, അധ്യാപകർ എത്തിയപ്പോഴേക്കും വിദ്യാർത്ഥി സ്ഥലംവിട്ടു. ഇതോടെ അധ്യാപകർ ഭീതിയിലായി. അവർ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. തുടർന്നാണ് വിദ്യാർഥിക്ക് കൗൺസലിങ് നൽകാനുള്ള നടപടി ആരംഭിച്ചത്. എക്സൈസ് നേതൃത്വത്തിലായിരിക്കും കൗൺസലിങ് നൽകുന്നത്. വിദ്യാർഥി മുൻപും വീടിന്റെ തട്ടിൻപുറത്തുവെച്ച് കള്ളുണ്ടാക്കിയെന്ന് വീട്ടുകാർ അധ്യാപകരോട് പറഞ്ഞിട്ടുണ്ട്. അന്ന് കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിൻപുറത്തുനിന്ന് താഴെ വീണപ്പോഴാണ് വിവരം അറിഞ്ഞത്.
Discussion about this post