മൈസൂരു: കുടകില്‍ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം മോഷ്ടിച്ച കേസില്‍ നാല് മലയാളികളെ പോലീസ് അറസ്റ്റുചെയ്തു. വീരാജ്പേട്ട് താലൂക്കിലെ നാപൊക്ലുവിലെ ബല്ലമാവട്ടി ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ ലക്ഷങ്ങള്‍ വിലവരുന്ന വിഗ്രഹമാണ് മോഷ്ടിച്ചത്.
സുബ്ബയ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ 4.5 കിലോഗ്രാം വരുന്ന ചാമുണ്ഡേശ്വരിദേവിയുടെ പഞ്ചലോഹവിഗ്രഹം മാര്‍ച്ചിലാണ് പ്രതികള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എം.എ. അയ്യപ്പയുടെ നിര്‍ദേശപ്രകാരം നാപൊക്ലു പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
കാസര്‍കോട് പോവല് മുളിയല്‍ സ്വദേശി മുഹമ്മദ് ഫിറോസ് (25), തെക്കില്‍ സ്വദേശി അബ്ദുള്ള സാഹിദ് സുല്‍ത്താന്‍ (23), തളങ്കര സ്വദേശികളായ തഹ്സീന് (23), ഷാനവാസ് (45) എന്നിവരാണ് പിടിയിലായത്.
മടിക്കേരി ടൗണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കേരള രജിസ്ട്രേഷന് കാര്‍ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പ്രതികള്‍ പിടിയിലായത്. മോഷ്ടിക്കപ്പെട്ട വിഗ്രഹം, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ കാറില്‍ നിന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റുചെയ്തു.
ഒന്നരലക്ഷത്തോളം രൂപ വിലയുള്ള വിഗ്രഹം വില്ക്കാന് വേണ്ടിയാണ് പ്രതികള്‍ വീണ്ടും കുടകിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം കിട്ടി.
നാപൊക്ലു പോലീസ് സി.ഐ. അനൂപ് മാദപ്പയുടെ നേതൃത്വത്തില്‍ എസ്.ഐ. സദാശിവ, എ.എസ്.ഐ. മഞ്ജുനാഥ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.എ. സാജന്, മധുസുദന്‍, നവീന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Discussion about this post