കണ്ണൂര്‍: നിരത്തിലെ ചട്ടലംഘനത്തിന്റെ പേരില്‍ ഏറ്റവുമധികം വിവാദത്തിലായ യൂടൂബേഴ്സാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്. ഒന്നര വര്‍ഷമായി കണ്ണൂരിലെ ആര്‍ടിഒ ഓഫീസിലാണ് ഇ ബുള്‍ ജെറ്റ് സഹോദരമാരെ ജയില്‍ കയറ്റിയ നെപ്പോളിയന് വണ്ടിയുള്ളത്.
ആര്‍ടിഒ കസ്റ്റഡിയില്‍ നിന്നും നെപ്പോളിയന് തിരിച്ചു കിട്ടാതെ വന്നതോടെ പുതിയൊരു കാരവാന് ഇവര്‍ വാങ്ങിയിരുന്നു. എന്നാല്‍ പുതിയ വണ്ടിയിലും ചട്ടലംഘനം നടത്തി രൂപമാറ്റം വരുത്താനാണ് സഹോദരങ്ങളുടെ പദ്ധതിയെങ്കില്‍ ആ ആ വണ്ടിയും പിടിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലെ ഏറെ പ്രശസ്തമായിരുന്നു അവരുടെ ഉടമസ്ഥതയിലുള്ള നെപ്പോളിയന് എന്ന വാനും. കണ്ണൂര്‍ കിളിയന്തറ സ്വദേശികളായ സഹോദരങ്ങളാണ്
ലിബിനും എബിനും. റാംബോ എന്ന വളര്‍ത്തുനായക്കൊപ്പം ഇവര്‍ ഇന്ത്യ മുഴുവന്‍ ഈ വാനില്‍ സഞ്ചരിച്ചിരുന്നു.
എന്നാല്‍ നിറവും രൂപവും മാറ്റിയ ഇവരുടെ നെപ്പോളിയന് എന്ന വാന്‍ ആര്‍ടിഒയുടെ കണ്ണില്‍പ്പെട്ടതോടെ കളി മാറി. വാഹനത്തിന്റെ നിറം രൂപം എന്നിവ മാറ്റിയും ടാക്സ് പൂര്‍ണമായും അടക്കാതെയും അതിതീവ്ര ലൈറ്റുകള്‍ ഘടിപ്പിച്ചും ഇവര്‍ നിയമ ലംഘനം നടത്തിയതായി ആര്‍ടിഒ കണ്ടെത്തി. രൂപമാറ്റം വരുത്തി വാന്‍ മാസങ്ങളോളം ചട്ടങ്ങള്‍ക്ക് വിരുദ്ധമായി റോഡിലൂടെ ഓടിയെങ്കിലും ഒടുവില്‍ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്.
വാന്‍ ആര്‍ടിഒ കസ്റ്റഡിയിലായതിന് പിന്നാലെ ഇബുള്‍ ജെറ്റും ആരാധകരും ലൈവ് വീഡിയോ ഇട്ട് കണ്ണൂരിലെ ആര്‍ടിഒ ഓഫീസിലെത്തി പ്രതിഷേധിച്ചു. എന്നാല്‍ ചട്ടലംഘനത്തിന് പിഴയൊടുക്കാതെയും വണ്ടി പഴയ പടിയാക്കാതെയും വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ആര്‍ടിഒ സ്വീകരിച്ചത്. ഈ നിര്‍ദേശം അംഗീകരിക്കാന്‍ ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ വിസമ്മതിച്ചതോടെ ആര്‍ടിഒ ഓഫീസില്‍ പിന്നീട് വലിയ സംഘര്‍മാണ് അരങ്ങേറിയത്.
ഒടുവില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഓഫീസില്‍ അതിക്രമിച്ച് കയറിയതും അടക്കം വിവിധ കേസുകള്‍ പ്രകാരം ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ അകത്തായി. സ്റ്റിക്കര്‍ നീക്കം ചെയ്യാതെ വണ്ടി വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് ഇ ബുള്‍ജെറ്റ് സഹോദന്മാര് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതേസമയം ഒരു സിനിമ താരത്തിന്റെ കാരവാന് വിലക്ക് വാങ്ങി അത് രൂപ മാറ്റം വരുത്തി നെപ്പോളിയന് എന്ന പേരില്‍ വീണ്ടും ഇറക്കാനാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ പുതിയ നീക്കം. വണ്ടിയുടെ പണി കൊച്ചിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഏതെങ്കിലും തരത്തില്‍ അനുമതിയില്ലാതെയോ നിയമ ലംഘനം നടത്തിയോ വണ്ടി റോഡിലിറക്കിയാല്‍ ഇവരെ വീണ്ടും പൂട്ടുമെന്ന് മുന്നറിയിപ്പുമുണ്ട്.
Discussion about this post