അട്ടപ്പാടി: കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടേയും നാളുകൾക്ക് വിട. ചരിത്രത്തിന്റെ തന്നെ ഭാഗമായി അട്ടപ്പാടി ആദിവാസി ഊരിൽ നിന്നുള്ള തുളസി ഇരുള വിഭാഗത്തിലെ ആദ്യ എംഎസ് സർജനായി പേരെടുത്തിരിക്കുകയാണ്.
ഇരുള വിഭാഗത്തിൽ നിന്ന് എം.എസ് സർജറി പൂർത്തിയാക്കുന്ന ആദ്യ വനിതാഡോക്ടറാണ് തുളസി. അച്ഛൻ മുത്തുസ്വാമിയും അമ്മ കാളിയമ്മയുമാണ് തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് തണലായതെന്ന് തുളസി പറയുന്നു.
പഠനത്തിലെ മകളുടെ മിടുക്ക് തിരിച്ചറിഞ്ഞ മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ടായാലും മകളുടെ വിദ്യാഭ്യാസത്തിന് തന്നെ മുൻതൂക്കം നൽകണമെന്ന് തീരുമാനിക്കുകയായിരുന്നു. തുളസിയെ പഠിപ്പിക്കാനായി പാടത്തും നാട്ടിലുമെല്ലാം കിട്ടുന്ന ജോലി അവരെടുത്തു.
മാറ്റിനിർത്തപ്പെടുന്ന തന്റെ സമൂഹത്തിനും നാടിനും വേണ്ടി ആ പെൺകുട്ടി കരുത്തോടെ പഠിച്ചപ്പോൾ ചരിത്രം തന്നെ അവൾക്ക് മാറ്റിയെഴുതാനായി. പഠിച്ചുപിന്നിട്ട ഓരോ ക്ലാസിലും തുളസി ഉയർന്നമാർക്കോടെ മുന്നേറി. അട്ടപ്പാടിയുടെ അഭിമാനവും പ്രചോദനുവുമായി മാറിയത് തുളസിയുടെ ആത്മസമർപ്പണം കാരണമാണ്.
പ്രാഥമിക വിദ്യഭ്യാസം വീടിനടുത്തെ സർക്കാർ സ്കൂളായ കാവുണ്ടിക്കൽ തമിഴ് മീഡിയം സർക്കാർ എൽപിസ്കൂളിൽ ആയിരുന്നു. പാലക്കാട് അഗളി സ്കൂളിലായിരുന്നു പിന്നീട് പഠനം. വൊക്കേഷണൽ കോഴ്സായ ലൈവ് സ്റ്റോക്ക് മാനേജ്മെന്റായിരുന്നു പ്ലസ്ടുവിന്. ഡോക്ടറാവുകയെന്ന കുട്ടിക്കാലം തൊട്ടുള്ള സ്വപ്നത്തെ അപ്പോഴും മാറ്റിവെയ്ക്കാതെ ഉള്ളിൽ സൂക്ഷിച്ചു അവൾ. പിന്നീട് എൻട്രൻസ് കോച്ചിങ്ങോ മറ്റ് പരിശീലനമോ ഒന്നും ലഭിക്കാതെ തന്നെ എൻട്രൻസ് എക്സാമിൽ കരുത്ത് കാണിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീറ്റ് നേടി.
ആദിവാസി വിഭാഗത്തിൽ നിന്നൊരു വനിതാ ഡോക്ടറുണ്ടായി 22 വർഷങ്ങൾക്ക് ശേഷമായിരുന്നു തുളസിയുടെ കോളേജ് പ്രവേശനം. കൂടൈ ലക്ഷ്മിപ്രിയയെന്ന മറ്റൊരു പെൺകുട്ടിയുമുണ്ടായിരുന്നു.
1995-ൽ ചിറ്റൂർ ഊരിലെ മുഡുക വിഭാഗക്കാരിയായ ഡോ.കമലാക്ഷിയാണ് ആദ്യ ഡോക്ടറെന്ന പദവി സ്വന്തമാക്കുന്നത്. 2017-ൽ എംബിബിഎസ് ബിരുദം നേടി പുറത്തിറങ്ങിയ തുളസി പഠനത്തിന് വിരാമമിടാൻ തയ്യാറായിലല്. തിരുവനന്തപുരം മെഡിക്കൽകോളേജിൽ തന്നെ തുളസി പിജി പ്രവേശനം നേടി. അച്ഛനും അമ്മയും അപ്പോഴും എല്ലാ സ്നേഹവുമായി കൂടെനിന്നു.
ഒടുവിലിപ്പോഴിതാ പരീക്ഷാഫലം വന്നപ്പോൾ ഇരുളവിഭാഗത്തിൽ നിന്ന് എംഎസ് സർജറി വിഭാഗത്തിൽ ബിരുദം നേടുന്ന ആദ്യ വനിതാഡോക്ടറായി മാറിയിരിക്കകുയാണ് തുളസി. ഇനി എംഎസ് റെസിഡെന്റഷിപ്പ് പൂർത്തിയാക്കിയ ശേഷം MCh paediatric surgery (super specialtiy) യിൽ ബിരുദാനന്തര ബിരുദത്തിന് ചേരാനാണ് തുളസിയുടെ തീരുമാനം.
Discussion about this post