തിരുവനന്തപുരം: ഒരുമിച്ചു പണിക്കുപോകുന്ന ഉറ്റസുഹൃത്തുക്കളുടെ മരണം നാടിന് നൊമ്പരമായി. ഊരൂട്ടമ്പലം കിളിക്കോട്ടുകോണം വി.എസ്.ഭവനിൽ ഉണ്ണി എന്നു വിളിക്കുന്ന 39കാരനായ വിനിൽകുമാറും, വെള്ളൂർക്കോണം ഇടത്തറ വാഴവിള ഷാനുഭവനിൽ 47കാരനായ ഷിബുവുമാണ് കരകുളത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചത്. വിനിൽകുമാറിന്റെ ബൈക്കിലാണ് ഇരുവരും ജോലിക്ക് പോകുന്നത്.
ഒരാളിന് ഒരുദിവസം പോകാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടുപേരും അവധിയെടുക്കും. എല്ലാ ദിവസവും വെള്ളൂർക്കോണത്തുള്ള വീട്ടിൽനിന്നു മറ്റൊരു സുഹൃത്തിന്റെ ബൈക്കിൽ കയറി രാവിലെ എട്ടുമണിയോടെ ഊരൂട്ടമ്പലം അയണിമൂട് കവലയിൽ ഷിബു എത്തും. അവിടെ കാത്തുനിൽക്കുന്ന വിനിൽകുമാറിന്റെ ബൈക്കിലാണ് പിന്നീടുള്ള യാത്ര. ബുധനാഴ്ചയും ഇവർ ഒരുമിച്ചാണ് പോയത്. മടക്കയാത്രയിൽ വിനിൽകുമാർ ഷിബുവിനെ വീട്ടിൽ കൊണ്ടാക്കിയശേഷമാകും പലപ്പോഴും വീട്ടിലേക്ക് മടങ്ങുന്നത്.
ബുധനാഴ്ച രാവിലെ 11-ഓടെയായിരുന്നു അപകടം. കാട്ടാക്കടയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാനുള്ള പണിക്കിടെയായിരുന്നു അപ്രതീക്ഷിതമായ ദുരന്തം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുന്നുകളിടിച്ച് ഇവിടെ പ്ലാറ്റ്ഫോം നിർമിച്ചിരുന്നു. നാലു തൊഴിലാളികൾ അടിസ്ഥാനം കെട്ടുന്നതിനുള്ള കുഴികളെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞുവീണത്. കുഴിയിൽ നിൽക്കുകയായിരുന്ന വിനിലിന്റെയും ഷിബുവിന്റെയും മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.
ഇരുവരെയും പുറത്തുകാണാനാകാത്ത വിധം മണ്ണുമൂടിപ്പോയെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ പറയുന്നു. ഉടനടി, രക്ഷാപ്രവർത്തനം നടത്തി, പുറത്തെടുത്ത വിനിലിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഷിബുവിനെ പേരൂർക്കട ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. സീനയാണ് ഷിബുവിന്റെ ഭാര്യ. മക്കൾ: ഷാനു, സോന. വിനിൽ അവിവാഹിതനാണ്. വിനോദ്, വിപിൻ എന്നിവർ സഹോദരങ്ങളാണ്.
Discussion about this post