കുമരകം: കോട്ടയം കുമരകം റോഡിൽ കാർ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിന്ന് നാലും ഒന്നും വയസുള്ള പിഞ്ചുകുഞ്ഞുങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കുടവെച്ചൂർ കിടങ്ങലശേരി 36കാരനായ ജെഫിൻ കെ.പോൾ, 32കാരിയായ ഭാര്യ സുമി രാജു എന്നിവരാണു മരിച്ചത്.
രണ്ട് മിനിറ്റില്‍ ഒരു കുപ്പി മദ്യം ഒറ്റയ്ക്ക് കുടിച്ചു; യുവാവിന് ദാരുണാന്ത്യം
ഇന്നലെ വൈകിട്ട് 4.50ന് കൈപ്പുഴമുട്ട് പാലത്തിനും ചീപ്പുങ്കൽ പാലത്തിനും ഇടയിലാണ് അപകടം നടന്നത്. ബൈക്കിൽ ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന മൂത്ത മകൻ ആൽഫിൻ (4) വലതു കാൽ ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മകൾ ആൽഫിയയ്ക്ക് (ഒരു വയസ്സ്) പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. കുമരകം ഭാഗത്തുനിന്നു വന്ന ബൈക്കിൽ കൈപ്പുഴമുട്ട് പാലം കടന്നുവന്ന കാർ ഇടിക്കുകയായിരുന്നു.
ജെഫിനും സുമിയും മക്കളും റോഡിലേക്കു തെറിച്ചു വീണു. കുമരകം പൊലീസെത്തി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രിയോടെ ജെഫിനും സുമിയും മരണപ്പെട്ടു. ജെഫിൻ ഒരു വർഷമായി മല്ലപ്പള്ളിയിലെ സുമിയുടെ വീട്ടിലാണു താമസം. ജെഫിന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ടു കുടുംബവീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനാണു വെച്ചൂരിലേക്ക് വന്നത്. ഈ യാത്രയാണ് അപകടത്തിൽ കലാശിച്ചത്.
Discussion about this post