അഗളി: കൈക്കുഞ്ഞിന്റെ മൃതദേഹം കൈകളിലേന്തി ഈ പിതാവ് നടന്നത് നാല് കിലോമീറ്റർ ദൂരമാണ്. വനത്തിലൂടെ ഇത്രയേറെ ദൂരം താണ്ടിയാണ് അയ്യപ്പൻ എന്ന പിതാവ് മൂന്നരമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം അട്ടപ്പാടിയിലെ വിദൂര ഊരായ മുരുഗളയിലേക്ക് എത്തിച്ചത്. കുഞ്ഞിന്റെ മൃതദേഹവുമായി കുത്തിയൊലിക്കുന്ന തോട്ടിലെ ഒറ്റത്തടിപ്പാലത്തിൽ മറുകരകടന്നും കനത്തമഴയിൽ വനത്തിലൂടെ നടന്നുമുള്ള അയ്യപ്പന്റെ സാഹസിക യാത്ര നാട്ടുകാരേയും കണ്ണീരണിയിപ്പിച്ചു.
തിങ്കളാഴ്ചയാണ് മുരുഗള ഊരിലെ അയ്യപ്പൻ-സരസ്വതി ദമ്പതിമാരുടെ മൂന്നുമാസവും 25 ദിവസവും പ്രായമുള്ള പെൺകുഞ്ഞ് സജേശ്വരി മരിച്ചത്. ചൊവ്വാഴ്ച പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹവുമായി ആംബുലൻസ് തടിക്കുണ്ടിലെത്തിയത്. ഇവിടെ നിന്നും വനത്തിലെ ഊരിലേക്ക് നടക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല.
അയ്യപ്പന്റെ കൂടെ കുടചൂടി കൂടെ വി.കെ. ശ്രീകണ്ഠൻ എംപിയും നടന്നു. അട്ടപ്പാടിയിലുണ്ടായിരുന്ന വികെ ശ്രീകണ്ഠൻ എംപി ഊരിലേക്ക് പോകുന്നതിനിടെയാണ് ഇവർക്കൊപ്പം ചേർന്നത്. മരിച്ച നവജാതശിശുവിന്റെ കുടുംബത്തിനെക്കാണാൻ വികെ ശ്രീകണ്ഠൻ എംപിയും കോൺഗ്രസ് പ്രവർത്തകരും കാത്തുനിൽക്കുന്നതായി പ്രവർത്തകർ അറിയിച്ചിരുന്നു. തടിക്കുണ്ടിൽ കുഞ്ഞിന്റെ മൃതദേഹവുമായി അയ്യപ്പൻ കാത്തിരിക്കുന്നതിനിടെയാണ് വികെ ശ്രീകണ്ഠൻ സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു ആദരാഞ്ജലി അർപ്പിച്ചു.
ALSO READ- പ്രണയം മൊട്ടിട്ടത് അയർലാന്റിൽ; കൊല്ലത്ത് വെച്ച് വിഷ്ണുദത്തിന്റെ സഖിയായി ക്ലോയിസോഡ്‌സ്
തുടർന്ന് ഊരിലേക്ക് എം.പി.യും ഊരിലേക്ക് അനുഗമിച്ചു.കനത്തമഴയിൽ കുത്തിയൊലിക്കുന്ന ചെറുനാലിതോട് അയ്യപ്പൻ മുറിച്ചുകടന്നത് കുഞ്ഞിന്റെ മൃതദേഹം ഒരുകൈയിൽ നെഞ്ചോടുചേർത്ത് പിടിച്ചിട്ടാണ്. കനത്തമഴയിൽ ചെറുനാലി തോട്ടിലും ഭവാനിപ്പുഴയിലും വെള്ളംകൂടിയാൽ മുരുഗള ഊര് ഒറ്റപ്പെടുന്ന സ്ഥിതിയാണ്. ഭവാനിപ്പുഴയ്ക്ക് കുറുകെ ഐടിഡിപിയുടെ തൂക്കുപാലത്തിന്റെ പണി പുരോഗമിക്കുന്നുണ്ട്.
Discussion about this post