കൊല്ലം: സ്വന്തം വീട് തകരുന്ന അവസ്ഥയിലും അപകടത്തിൽപ്പെട്ടവരെ സഹായിക്കാനായി ഓടിയെത്തിയ ഗൃഹനാഥന് മർദ്ദനം. കൊല്ലം എഴുകോണിലാണ് സംഭവം. നിയന്ത്രണം നഷ്ടപെട്ട കാർ റോഡിൽ നിന്നും ഇരച്ചെത്തി ഗേറ്റും ചുറ്റുമതിലും തകർത്ത് വീട്ടിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇടയ്ക്കിടം സ്വദേശികളായ ഗിരീഷ്, കിരൺ , പോച്ചംകോണം സ്വദേശി ഷിജു എന്നിവരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. എഴുകോൺ രണ്ടാലുംമുക്ക് കാരുണ്യ നഗറിൽ ബിവറേജസ് ഷോപ്പിന് സമീപം സൗപർണ്ണികയിൽ ബാബുരാജന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് വാഹനം ഇടിച്ചു കയറിയത്.
ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച വീട്ടുടമയെ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചതായും പരാതിയുണ്ട്. ഇതേ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയും ഉണ്ടായി. തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് മേഖലയിൽ സംഘർഷ സ്ഥിതിക്ക് അയവുണ്ടായത്.
Discussion about this post