പത്തനംതിട്ട: അടൂർ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. കൊട്ടാരക്കരയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി നിഖിൽരാജാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ മരണത്തിന് കീഴടങ്ങിയത്. അപകടം നടന്ന സമയത്തു തന്നെ, നിഖിൽ രാജിന്റെ അച്ഛൻ രാജശേഖര ഭട്ടതിരി, അമ്മ ശോഭന മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിൽ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാതാപിതാക്കൾക്ക് പിന്നാലെ മകനും യാത്രയായതിന്റെ തീരാവേദനയിലാണ് ബന്ധുക്കൾ.
ബുധനാഴ്ച രാവിലെ 6.30-ഓടെ ഏനാത്ത് പുതുശ്ശേരി ഭാഗത്തെ വളവിലാണ് കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിഖിൽരാജും മാതാപിതാക്കളും തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലായിരുന്നു. പുതുശ്ശേരിയിലെ വളവിൽവെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽനിന്ന് വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. ചടയമംഗലം സ്വദേശികളായ നാല് യുവാക്കളാണ് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നത്.
അപകടത്തിൽ പരിക്കേറ്റ ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാക്കൾ സഞ്ചരിച്ച കാർ അമിതവേഗത്തിലെത്തി എതിർദിശയിൽനിന്ന് വന്ന കാറിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുന്നിലെ വളവ് തിരിക്കാൻ പോലും ശ്രമിക്കാതെ കാർ നേരേ പോയി എതിർദിശയിലെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് വീഡിയോയിൽ വ്യക്തമാണ്.
Discussion about this post