‘ഇല്ല… ഇത് ഇങ്ങനെയിടാന്‍ പറ്റില്ല’! സല്യൂട്ട് ചെയ്ത് മാലിന്യ കൂമ്പാരത്തില്‍ നിന്നും ദേശീയപതാക സൂക്ഷിച്ചെടുത്ത് പോലീസ് ഓഫീസര്‍; അമലിന്റെ ദേശസ്‌നേഹത്തിന് ബിഗ് സല്യൂട്ട്

എറണാകുളം: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകയ്ക്ക് ആദരവോടെ
സല്യൂട്ട് നല്‍കുന്ന പോലീസ് ഓഫീസറുടെ അഭിമാനം നിറയുന്ന ചിത്രമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

എറണാകുളം ഇരുമ്പനത്തിന് സമീപം കടത്തുകടവ് റോഡിലാണ് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാകയും കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് സ്റ്റേഷനിലെ പോലീസുകാരനായ അമല്‍ ടികെയാണ് ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കി മാലിന്യത്തില്‍ നിന്നും പതാക തിരിച്ചെടുത്തത്.

ആദ്യം തന്നെ നിവര്‍ന്ന് നിന്ന് കൈമടക്കി സല്യൂട്ട് നല്‍കി. പിന്നെ മാലിന്യത്തില്‍ നിന്നും പതാകകള്‍ എടുത്ത് മാറ്റാന്‍ തുടങ്ങി. ഇങ്ങനെ എടുത്ത പതാകകള്‍ മടക്കുന്നതിനിടയില്‍ കൗണ്‍സിലര്‍ വരട്ടെ, കോസ്റ്റ്ഗാര്‍ഡ് ടീം വന്നിട്ട് എടുക്കാം എന്നൊക്കെ പറഞ്ഞവരോട് ‘ഇല്ല… ഇത് ഇങ്ങനെയിടാന്‍ പറ്റില്ല.. രാജ്യത്തിന്റെ ദേശീയപതാക ഇങ്ങനെ കിടന്നാല്‍ തന്നെ നമുക്ക് അപമാനമാണ്’ എന്ന് പറഞ്ഞ് അമല്‍ തന്നെ ആദരവോടെ ദേശീയപതാകകള്‍ വൃത്തിയായി മടക്കി എടുത്ത് വാഹനത്തിനുള്ളിലേക്ക് വച്ചു.

കൊച്ചി ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെ അമല്‍ എന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ് ദേശീയപതാകയുടെ ദേശസ്‌നേഹം തുളുമ്പുന്ന പ്രവൃത്തി.
രാജ്യസ്‌നേഹിയായ, രാജ്യത്തിന്റെ അഭിമാനമായ ചിഹ്നങ്ങളെ ആദരിക്കുന്നവര്‍ ഈ ചിത്രങ്ങള്‍ കണ്ട് അമലിന് ബിഗ് സല്യൂട്ട് നല്‍കുകയാണ്.

ഒരു നിമിഷം പോലും വൈകാതെ രാജ്യത്തോടും ദേശീയപതാക എന്ന വികാരത്തോടും തന്റെ ആദരവ് പ്രകടിച്ച് മാതൃക കാട്ടിയ ഈ പോലീസുകാരന്‍ കേരളാ പോലീസിന് തന്നെ അഭിമാനമാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇരുമ്പനം കടത്തു കടവ് റോഡില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള മാലിന്യക്കൂമ്പാരത്തിനിടയില്‍ ദേശീയപതാകള്‍ കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡ് യൂണിഫോമുകളും സുരക്ഷാ കവചകങ്ങളും പഴകിയ മറ്റ് സാധന സാമഗ്രികളുമായിരുന്നു മാലിന്യത്തിലുണ്ടായിരുന്നത്.

ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാലിന്യത്തില്‍ ദേശീയ പതാക നിക്ഷേപിച്ചവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കോസ്റ്റ്ഗാര്‍ഡ് അധികാരികളോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്‍കി. കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ് ഇത്തരം ഒരു സംഭവത്തിനിടയായതെന്ന് പോലീസ് പറയുന്നു.

Exit mobile version