തിരുവനന്തപുരം: സമ്മാനത്തുകയുടെ വലിപ്പം കൊണ്ട് മുമ്പനായ കേരള ലോട്ടരി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി വീണ്ടും സമ്മാനത്തുക വർധിപ്പിച്ചു. നറുക്കെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകാൻ തീരുമാനിച്ചാണ് ലോട്ടറി വകുപ്പ് ഇത്തവണ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഈ വർഷം പുറത്തിറക്കുന്ന ഓണം ബംപറിന് 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റിന് വില. കഴിഞ്ഞ മൂന്ന് വർഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. അന്ന് ടിക്കറ്റ് വില മൂന്നൂറ് രൂപയായിരുന്നു.
അതേസമയം, സമ്മാനത്തുകയും ടിക്കറ്റ് വിലയും കൂട്ടണമെന്ന് ഭാഗ്യക്കുറി വകുപ്പ് സർക്കാരിനോട് നിർദേശിച്ചിരുന്നു. ഈ നിർദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. ഈ മാസം 17ന് മൺസൂൺ ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കും. അതിന് പിന്നാലെ ഓണം ബംപർ ടിക്കറ്റുകൾ പുറത്തിറക്കാനാണ് നീക്കം.