തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻദേവിന്റെയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെയും വിവാഹ തീയതി പുറത്ത്. സെപ്റ്റംബർ നാലിനാണ് ഇരുവരും കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ വിവാഹിതരാകുന്നത്. വിവാഹച്ചടങ്ങുകൾ തിരുവനന്തപുരം എകെജി ഹാളിൽ നടത്തുമെന്നാണ് വിവരം.
വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് റിസപ്ഷനും ഒരുക്കും. ഈ വർഷം മാർച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. എകെജി സെന്ററിൽ വെച്ചുതന്നെയായിരുന്നു വിവാഹനിശ്ചയവും നടത്തിയത്. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള പരിചയമാണ് വിവാഹത്തിലെത്തി നിൽക്കുന്നത്.
നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു.
നിയമബിരുദധാരിയാണ്. പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിൻ ദേവ് (28) ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.