പാലക്കാട്: പാലക്കാട് വീടിനുള്ളിൽ മഹിളാമോർച്ച നേതാവ് ശരണ്യ രമേശൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ ഗുരുതര ആരോപണങ്ങൾ.
ശരണ്യയുടെ ഡയറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലാണ് ബിജെപി പ്രവർത്തകനായ പ്രജീവിന്റെയും ഭാര്യയുടേയും പേര് ഉൾപ്പെട്ടിരിക്കുന്നത്. ഈ രണ്ടുപേർക്ക് എതിരേയും ഗുരുതരമായ ആരോപണങ്ങളാണ് ശരണ്യ ഉന്നയിച്ചിരിക്കുന്നത്. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാൾ രക്ഷപ്പെട്ടേക്കാമെന്നും എന്നാൽ മരണശേഷം അയാളെ ശിക്ഷിക്കുമെന്നും ശരണ്യ കത്തിൽ പറയുന്നുണ്ട്.
മക്കളോട് മാപ്പ് പറയുന്നതും, നന്നായി പഠിക്കണമെന്ന് ഉപദേശിക്കുന്നതുമായ ഭാഗങ്ങളും കത്തിലുണ്ട്. തനിക്ക് തെറ്റുപറ്റിയെന്നും അതിന് സ്വന്തം ജീവനെടുക്കുകയാണ് എന്നുമാണ് ശരണ്യ പറയുന്നത്.
‘എന്നെ പ്രജീവ് ഉപയോഗപ്പെടുത്തി. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അതിന്റെ വിവരങ്ങൾ തന്റെ ഫോണിലുണ്ട്. ഒടുവിൽ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണം’ എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു’.
ഇന്നലെയാണ് മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രമേഷൻ പുറത്തുപോയ സമയത്തായിരുന്നു മരണം. ശരണ്യ മരിക്കുന്നതിന് മുൻപായി പ്രജീവിനെ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോവുകയാണ് എന്ന് അറിയിച്ചതായും തെളിവുണ്ട്. ഇക്കാര്യം പ്രജീവ് പ്രജിത്തെന്ന സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. പ്രജിത്താണ് രമേശിനെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. തുടർന്ന് രമേശൻ വീട്ടിലെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശരണ്യ മരണപ്പെടുകയായിരുന്നു.
ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവാണെന്നാണ് കുടുംബം ആരോപിക്കുന്നുണ്ട്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post