കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ മനഃപൂർവ്വം കേസിൽ പെടുത്തുകയായിരുന്നു എന്ന മുൻഡിജിപി ആർ ശ്രീലേഖയുടെ ആരോപണത്തിന് എതിരെ രൂക്ഷവിമർശനവുമായി അതിജീവിതയുടെ കുടുംബം.
ന്യായീകരണ തൊഴിലാളികളോട് സഹതാപം മാത്രമാണ്. സ്വന്തം വ്യക്തിത്വം തകർന്നടിഞ്ഞിട്ടും പകരമായി, അതിനേക്കാൾ വിലമതിക്കുന്ന മറ്റെന്തെങ്കിലും ആകാം അവരെ ഇത്തരം ആരോപണങ്ങൾക്ക് പ്രലോഭിപ്പിക്കുന്നതെന്നും അതിജീവിതയുടെ സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചു. ന്യായീകരണ പരമ്പയിലെ അടുത്ത വ്യക്തിക്കായി കാത്തിരിക്കുകയാണെന്നും സഹോദരന്റെ കുറിപ്പിൽ വിമർശനമുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘ആത്മഹത്യകൾ പലവിധമാണ്. ശാരീരികമായുള്ള ആത്മഹത്യയാണെങ്കിൽ അതവിടം കൊണ്ട് കഴിയും. ആത്മഹത്യ ചെയ്ത വ്യക്തിയ്ക്ക് പിന്നീടൊന്നും അറിയേണ്ടതില്ല , അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. മറിച്ച്, പറഞ്ഞുപോയ വാക്കുകൾകൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം. ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്‌ബോൾ അവരോട് സഹതാപമാണ് തോന്നുന്നത്. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയർത്താനാകാത്ത വിധം തകർന്നടിയുന്നതെന്ന് ഇവർ തിരിച്ചറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവർക്ക് അവർ ചിതയൊരുക്കുന്നത്. സംശയമുണ്ടെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ…
അവർ പറയും അത് വേണ്ടിയിരുന്നില്ലെന്ന്. ഒരു പക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകൾക്കപ്പുറം തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാൾ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവർ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവും. ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ. സഹതാപമാണ് അതിനേക്കാൾ മ്ലേച്ഛമായ വികാരം. ന്യായീകരണപരമ്പരയിൽ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു.’
ALSO READ- ‘ഈ തള്ളയെ നോക്കാൻ എനിക്ക് വയ്യ’; വയോധികയായ അമ്മയെ ഉപേക്ഷിച്ച് മകൾ; തണലായെത്തി 23കാരൻ രോഹൻ
അതേസമയം, കഴിഞ്ഞദിവസമാണ് വിരമിച്ച ഡിജിപി ആർ ശ്രീലേഖ ഐപിഎസ് പോലീസ് സേനയ്ക്ക് നേരെ തന്നെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടിയെ ആക്രമിച്ച കേസിൽ ശ്രീലേഖ ആരോപണങ്ങൾ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പോലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയർന്നുവന്നുവെന്നും ശ്രീലേഖ പറയുന്നു. കൃത്യം ചെയ്ത പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിന് തെളിവില്ലെന്നും ഒരുമിച്ചുള്ള ഫോട്ടോ കൃത്രിമമായി കെട്ടിച്ചമച്ചത് ആണെന്നും ശ്രീലേഖ പറയുന്നുണ്ട്.
അതേസമയം, ആലുവ ജയിലിൽ വെച്ച് ദിലീപിനെ കണ്ടപ്പോൾ സഹതാപം തോന്നി നല്ല മുറിയും കിടക്കയും മികച്ച ഭക്ഷണവും താൻ സ്വന്തം റിസ്‌കിൽ ഏർപ്പാടാക്കിയിരുന്നു എന്ന് മുൻപ് ആർ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഇതുചൂണ്ടിക്കാണിച്ച് ശ്രീലേഖയ്ക്ക് എതിരെ രൂക്ഷ വിമർശനവും സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്.