തിരുവനന്തപുരം: മകൾ തെരുവിൽ ഉപേക്ഷിച്ച അമ്മയ്ക്ക് താങ്ങായി 23കാരൻ രോഹൻ കൃഷ്ണ. തിരുവനന്തപുരത്ത് ്കൾ ഉപേക്ഷിച്ചതോടെ അനാഥയായി മാറിയ വൃദ്ധമാതാവിന് തണലാവുകയായിരുന്നു ഈ യുവാവ്. നെറ്റിയിൽ മുറിവുകളും മൂക്കിൽ ചോരയുമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധയെ രക്ഷിക്കാൻ സന്നദ്ധനായ യുവാവിന ്അഭിനന്ദന പ്രവാഹമാണ്. ബക്രീദിന് സുഹൃത്തിന്റെ വീട്ടിലേക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പോകുമ്പോഴാണ് രോഹൻ തെരുവിൽ ഇപേക്ഷിച്ച വൃദ്ധമാതാവിനെ കണ്ടത്.
ഉടൻ തന്നെ വണ്ടി നിർത്തി ഇവരോട് കാര്യങ്ങളന്വേഷിച്ചു. തുടർന്ന് ഈ അമ്മയുടെ ഫോണിൽ നിന്നും മകളെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി അവരെ എവിടെയെങ്കിലും കൊണ്ട് തള്ളിക്കോ എന്നായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസ് നടത്തിയ ഇടപെടലിൽ അമ്മയെ മകൾ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയുമായിരുന്നു.
വഞ്ചിയൂർ സ്വദേശിയും കോവളം നീലകണ്ഠ റിസോർട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് രോഹൻ കൃഷ്ണ. തനിക്ക് ബക്രീദ് ദിനത്തിലുണ്ടായ അനുഭവം അദ്ദേഹം പങ്കുവെച്ചു. തിരുവനന്തപുരം വെള്ളായണിയിലെ സുഹൃത്തിൻറെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായി പോകുമ്പോഴാണ് മൂക്കിൽ നിന്ന് ചോരയൊലിപ്പിച്ച് നെറ്റിയിൽ മുറിവുകളുള്ള 85 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു സ്ത്രീയെ രോഹൻ കണ്ടത്. തുടർന്നാണ് ഇവരുടെ പേര് കമലമ്മയാണെന്നും ബാലരാമപുരം വഴുമുക്ക് സ്വദേശിനിയാണെന്നും കണ്ടെത്തിയത്.
മകൾ വീട്ടിൽ നിന്ന് ഇറക്കി വിട്ടത് ആണെന്നും നിലത്ത് വീണ് മുഖത്ത് പരിക്ക് ഏറ്റത് ആണെന്നും വൃദ്ധ രോഹനോട് പറഞ്ഞു. തുടർന്ന് ഇവരെ വീട്ടിൽ കൊണ്ട് ആക്കാം എന്ന് പറഞ്ഞ രോഹൻനോട് വൃദ്ധയുടെ മകളുടെ മറുപടി ‘എവ്‌ടേലും കൊണ്ട് പോയി തള്ളിക്കോ, ഈ തള്ളയെ നോക്കാൻ എനിക്ക് വയ്യ, അവർ ചത്ത് കിട്ടിയാൽ അത്രേം സന്തോഷം’- എന്നത് ആയിരുന്നു.
തുടർന്ന് രോഹൻ നേമം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ഉടനെ പോലീസ് സംഘം സ്ഥലത്തെത്തി വൃദ്ധയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മകളെ ഫോണിൽ വിളിച്ചു. എന്നാൽ വൃദ്ധയെ വീട്ടിലേക്ക് കൊണ്ട് പോകാൻ കഴിയില്ല എന്ന മറുപടിയാണ് മകൾ പോലീസിനോടും പറഞ്ഞത്. പോലീസ് നിയമ നടപടികളിലേക്ക് നീങ്ങും എന്ന് മുന്നറിയിപ്പ് നൽകിയതോടെ സ്റ്റേഷനിൽ എത്തിച്ച അമ്മയെ പിന്നീട് മകൾ എത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി എന്ന് പൊലീസ് പറഞ്ഞു.