കൊച്ചി : പരസ്യ, ചലച്ചിത്ര സംവിധായകന്‍ കെ.എന്‍ ശശിധരന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇടപ്പള്ളിയിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹിറ്റായ വനമാല പരസ്യമടക്കം ഒട്ടേറെ പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ശശിധരന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ എന്ന പാട്ട് മലയാളികള്‍ നെഞ്ചിലേറ്റിയതോടെ ശശിധരന്‍ എന്ന സംവിധായകനും ശ്രദ്ധേയനായി. 1984ല്‍ പികെ നന്ദനവര്‍മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ അതേ പേരില്‍ തന്നെയുള്ളതാണ് ആദ്യ ചിത്രം. തൊട്ടടുത്ത വര്‍ഷം തന്നെ കാണാതായ പെണ്‍കുട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു. 2014ല്‍ പുറത്തിറങ്ങിയ നയനയാണ് അവസാന സിനിമ.
Also read : പൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകള്‍ : കര്‍ണാടക വിദ്യാഭ്യാസ പാനല്‍
ആദ്യകാലത്ത് സിനിമാ സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യ ചിത്രങ്ങളിലേക്ക് തിരിയുകയായിരുന്നു. വീണ ശശിധരന്‍ ആണ് ഭാര്യ. മക്കള്‍ ഋതു, മുഖില്‍.