കണ്ണൂർ: കടൽപ്പാലം കാണാനെത്തിയ തലശേരിയിൽ ദമ്പതിമാർക്കുനേരെ പോലീസുകാർ സദാചാര ഗുണ്ടായിസം നടത്തിയെന്ന് പരാതി. ഭർത്താവിനെ മർദിച്ച് വലിച്ചിഴച്ച് അറസ്റ്റു ചെയ്തുവെന്നുമാണ് ഉയർന്നിരിക്കുന്ന പരാതി. രാത്രി കടൽപ്പാലം കാണാൻ പോയപ്പോൾ മഴ കാരണം സമീപത്തെ ഷെഡിൽ കയരി നിന്നതിന് തലശേരി പോലീസ് മോശമായി പെരുമാറിയെന്നാണ് ദമ്പതികളുടെ പരാതി.
എന്നാൽ, പോലീസിനെ ആക്രമിച്ചു എന്നും ജോലി തടസ്സപ്പെടുത്തി എന്നും കാണിച്ചാണ് പ്രത്യുഷ് – മേഘ ദമ്പതികൾക്ക് എതിരെ തലശേരി പോലീസ് കേസെടുത്തിരിക്കുന്നത്. ദമ്പതികളുടെ പരാതിയിൽ കണ്ണൂർ എസ്പി വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ അഞ്ചാം തീയതി രാത്രി പത്തരയോടെയാണു സംഭവം. തലശേരി കടൽപ്പാലത്തിൽ നിന്നിരുന്ന പ്രത്യുഷിനോടും ഭാര്യ മേഘയോടും സ്ഥലത്തുനിന്നു പോകണമെന്നു പോലീസ് ആവശ്യപ്പെടുകയായിരുന്നു. കാരണം തിരക്കിയപ്പോൾ തലശേരി സ്റ്റേഷനിലെ സിഐ ബിജുവും എസ്ഐ മനുവും മറ്റു പോലീസുകാരും ചേർന്ന് മർദിച്ചതായാണ് പരാതി. എന്നാൽ പ്രത്യുഷ് എസ്ഐ മനുവിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തി എന്നുമാണ് തലശേരി പോലീസിന്റെ വാദം. ദമ്പതികൾക്ക് എതിരെ കേസെടുത്തിട്ടുണ്ട്
പ്രത്യുഷിനെ കോടതി റിമാൻഡ് ചെയ്തു. ഭർത്താവിനെ പോലീസ് സ്റ്റേഷനിലേക്കു വലിച്ചിഴച്ചാണു കൊണ്ടു പോയതെന്നും ഉപദ്രവിച്ചെന്നും മേഘ പറയുന്നു. എന്നാൽ, കടൽക്ഷോഭമുള്ളതു കാരണം സുരക്ഷാപ്രശ്നം ചൂണ്ടിക്കാണിച്ച് തിരികെ പോകാൻ പറഞ്ഞതെന്നാണ് പോലീസിന്റെ നിലപാട്. രണ്ടുപേരും സഹകരിക്കാത്തതു കൊണ്ടാണ് സ്റ്റേഷനിൽ കൊണ്ടു പോയതെന്നും തലശേരി പോലീസ് വിശദീകരിക്കുന്നു.
അതേസമയം, ദമ്പതികളുടെ പരാതി തലശേരി എസിപിയും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രത്യേകം അന്വേഷിക്കും. സ്റ്റേഷനിലെ സിസിടിവിയടക്കം പരിശോധിക്കാനാണ് തീരുമാനം. റിപ്പോർട്ടു കിട്ടിയശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോ അറിയിച്ചു.
Discussion about this post