മലമ്പുഴ: വീടിനകത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ മേൽക്കൂരയിൽനിന്നു മുഖത്തേക്കു വീണ പാമ്പിന്റെ കടിയേറ്റ് നാലുവയസുകാരന് ദാരുണമരണം. അകമലവാരം വലിയകാട് എം രവി-ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്ണ(4)യാണു മരിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നോടെ മലമ്പുഴ കുനുപ്പുള്ളിയിലെ ബബിതയുടെ വീട്ടിൽ വെച്ചാണ് സംഭവമുണ്ടായത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പ് കുട്ടിയുടെ മുഖത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ നിന്നും പാമ്പിനെ കണ്ടെത്തി.
വിഷം കൂടിയ ഇനമായ വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പാണു കുഞ്ഞിനെ കടിച്ചത്. പുലർച്ചെ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലൻസ് തേടിയെങ്കിലും യഥാസമയം ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഒരു മണിക്കൂറോളം ആംബുലൻസ് തേടി അലഞ്ഞെങ്കിലും ലഭിച്ചില്ലെന്നും പിന്നീട്, ടാക്‌സിയിൽ കൊണ്ടുപോവുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് രവി പറഞ്ഞു. എങ്കിലും കുട്ടി വഴിമധ്യേ മരണപ്പെടുകയായിരുന്നു.
അതേസമയം, ജില്ലാ ആശുപത്രിയിൽ എല്ലാ ചികിത്സയും ലഭ്യമാക്കിയെങ്കിലും കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്‌കൂളിൽ യുകെജി വിദ്യാർഥിയാണ് അദ്വിഷ്. ഇതേ സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണു സഹോദരൻ.