പ്രണയിച്ച് വിവാഹം ചെയ്തു; കസേരയിൽ ഇരിക്കാൻ പോലും അനുവാദമില്ല; ജാതീയമായും അധിക്ഷേപിച്ച് ഭർത്താവും വീട്ടുകാരും;സംഗീതയുടെ ആത്മഹത്യയിൽ നീറി കുടുംബം

കൊച്ചി: പ്രണയിച്ച് വിവാഹിതയായ ദലിത് യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സ്ത്രീധന പീഡനത്തോടൊപ്പം ജാതീയമായ അധിക്ഷേപമെന്നും പരാതി. ജൂൺ ഒന്നിന് മരിച്ചനിലയിൽ കണ്ടെത്തിയ സംഗീതയുടെ മരണത്തിൽ ർത്താവ് തൃശൂർ സ്വദേശി സുമേഷിനും കുടുംബത്തിനും പങ്ക് ഉണ്ടെന്നാണ് സംഗീതയുടെ കുടുംബം ആരോപിക്കുന്നത്.

സംഗീതയുടെ മരണത്തിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കുന്നുവെന്നും സംഗീതയുടെ വീട്ടുകാർക്ക് പരാതിയുണ്ട്. പ്രണയത്തിനൊടുവിൽ 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. രണ്ടാഴ്ച പിന്നിടും മുൻപേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങൾക്ക് പുറമെ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചിരുന്നെന്നും കുടുംബം ആരോപിക്കുന്നു.

സംഗീതയ്ക്ക് ഭർതൃവീട്ടിൽ കസേരയിൽ ഇരിക്കാൻ പോലും അനുമതി നൽകിയിരുന്നില്ല. സ്ത്രീധനം ലഭിച്ചില്ലെങ്കിൽ ബന്ധം വേർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുമേഷ് സംഗീതയെ വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. പരാതി നൽകിയെങ്കിലും പോലീസ് സംഗീതയെ സുമേഷിനോടൊപ്പം അയച്ചു. വീട്ടിലെത്തിയ സംഗീത തുങ്ങിമരിക്കുകയായിരുന്നു.

ALSO READ- കോഴിക്കോട് മുക്കത്ത് ഈദ് ഗാഹിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

അതേസമയം, സംഗീത ആത്മഹത്യയ്ക്ക് ശ്രമിച്ച സമയത്ത് വീട്ടിലുണ്ടായിരുന്നു സുമേഷ് സംഗീതയെ രക്ഷിച്ചില്ലെന്നും വിവരം മറച്ചുവെച്ചുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ALSO READ-ശ്വസിക്കാനും ഭക്ഷണം കഴിക്കാൻ പോലും പ്രയാസം; കുഞ്ഞു സിയയ്ക്ക് വേണം തുള്ളി മരുന്ന്; 18 കോടി സമാഹരിക്കാനായി ഇറങ്ങിത്തിരിച്ച് നാട്ടുകാർ, വേണം സുമനസുകളുടെ കനിവ്

കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തെങ്കിലും നാൽപ്പത് ദിവസം പിന്നിടുമ്പോളും സുമേഷിനെ ഇതുവരെ പിടികൂടുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടക്കുന്നു എന്നാണ് പോലീസ് വിശദീകരണം. ഹൈക്കോടതിയുടെ മുന്നിലെ പുറമ്പോക്കിൽ കഴിയുന്ന സംഗീതയുടെ കുടുംബം നീതിക്കായുള്ള പോരാട്ടം തുടരുകയാണ്.

Exit mobile version