വടകര: വടകരയും ചോറോടും പരിസര പ്രദേശങ്ങളുമെല്ലാം ഇന്ന് ഒു കുഞ്ഞുജീവൻ രക്ഷിക്കാനുള്ള വലിയൊരു ദൗത്യവുമായി ഇറങ്ങിയിരിക്കുകയാണ്. ഒമ്പത് മാസം മാത്രം സിയ ഫാത്തിമയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തുള്ളിമരുന്ന് സ്വന്തമാക്കാനാണ് നാടിന്റെ ശ്രമം. 18 കോടിയെന്ന വലിയൊരു കടമ്പയാണ് ഇവർക്ക് മറികടക്കേണ്ടത.് സുമനസുകളുടെ സഹായത്തിനായി ഒറ്റക്കെട്ടായി ഇറങ്ങാൻ തന്നെയാണ് നാട്ടുകാർ തീരുമാനിച്ചിരിക്കുന്നത്. എസ്എംഎ രോഗം (സ്പൈനൽ മസ്‌കുലാർ അട്രോഫി) ബാധിച്ചവർക്ക് നൽകുന്ന സോൾജെൻസ്മ എന്ന മരുന്ന് അമേരിക്കയിൽനിന്നാണ് എത്തിക്കേണ്ടത്. എന്നാൽ മാത്രമാണ് ഒമ്പതുമാസംമാത്രം പ്രായമുള്ള സിയ ഫാത്തിമയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകൂ.
ചോറോട് പഞ്ചായത്ത് പത്താംവാർഡിലെ ആശാരിക്കുനി സിയാദിന്റെയും ഫസീലയുടെയും മകളാണ് സിയ. ജനിച്ച് മൂന്നുമാസം കഴിഞ്ഞശേഷമാണ് ചലനശേഷിയിൽ പ്രശ്നമുണ്ടായത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ കാണിച്ചപ്പോഴാണ് എസ്എംഎ ആണെന്ന സംശയം ഉയർന്നത്. ബംഗളൂരുവിൽ നടത്തിയ പരിശോധനയിൽ ടൈപ്പ് വൺ എസ്എംഎ ആണെന്ന് കണ്ടെത്തി.
പിന്നീട്, കോഴിക്കോട് ബീച്ച് ആശുപത്രിയിലും തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ എസ്എംഎ ക്ലിനിക്കിലും രോഗം സ്ഥീരികരിച്ചു. ഒമ്പതുമാസമായിട്ടും സിയയുടെ കഴുത്ത് നേരെനിൽക്കില്ല. ഭക്ഷണം കഴിക്കാനും ശ്വസിക്കാനും ദിവസംകഴിയുന്തോറും പ്രയാസംകൂടുകയാണെന്ന് വീട്ടുകാർ പറഞ്ഞു. ഇരിക്കാനും നടക്കാനുമൊന്നും കഴിയില്ല.
വൈകുന്ന ഓരോനിമിഷവും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പുള്ളതിനാൽ എല്ലാംമറന്ന് കൈകോർക്കുകയാണ് ചോറോടിലെ ജനങ്ങൾ. തിങ്കളാഴ്ച വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജനകീയ കൺവെൻഷനോടെ പണം സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാകും.
അപൂർവമായ ഈ രോഗത്തിന് ഇന്ന് ലോകത്തുള്ള ഫലപ്രദമായ മരുന്നാണ് സോൾജെൻസ്മ എന്നതിനാൽ ഈ മരുന്ന് നാട്ടിലെത്തിക്കാനാണ് പണം സ്വരൂപിക്കുന്നത്. കേരളത്തിൽ ഇതിനുമുമ്പും ഈ രോഗംബാധിച്ച ചില കുട്ടികൾക്ക് ജനകീയ കൂട്ടായ്മയിലൂടെ പണംകണ്ടെത്തി 18 കോടി രൂപ വിലവരുന്ന ഈ മരുന്ന് എത്തിച്ചുനൽകിയിരുന്നു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പിപി ചന്ദ്രശേഖരൻ ചെയർമാനും കെപി അബ്ദുൾ അസീസ് കൺവീനറുമായി താത്കാലിക കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
11-ന് ചേരുന്ന ജനകീയ കൺവെൻഷനിൽ പുതിയ കമ്മിറ്റി വരും. വൈകീട്ട് മൂന്നുമണിക്കാണ് കൺവെൻഷൻ. ഫെഡറൽ ബാങ്കിന്റെ വടകര ശാഖയിൽ സിയ ഫാത്തിമ ചികിത്സാസഹായസമിതിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10710200016463. ഐ.എഫ്.എസ് കോഡ്- FDRL0001071.