കോട്ടയം: ജില്ലാ ജയിൽ ചാടി മുങ്ങിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്. 19കാരനായ യുവാവിനെ കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കൊണ്ടുചെന്നിട്ട കേസിലെ പ്രതികളിലൊരാളാണ് ജയിൽ ചാടിയതിന് പിന്നാലെ പിടിയിലായത്.
മീനടം പാറമ്പുഴ കവല മോളയിൽ ബിനുമോനാണ് (36) ജില്ലാ ജയിലിൽനിന്ന് ശനിയാഴ്ച പുലർച്ചെ ചാടിപ്പോയത്. രാവിലെ ജയിൽചാടിയ ഇയാളെ അന്വേഷണത്തിനൊടുവിൽ രാത്രിയിൽ തന്നെ പോലീസ് പിടികൂടി. രാത്രി 9.15-ഓടെ മീനടത്തെ വീടിന് സമീപത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ബിനുമ മോനെ പോലീസ് ഓടിച്ചിട്ട് പിടിച്ചത്.
ഇയാൾ സമീപത്ത് ഒരു പറമ്പിൽ ഒളിച്ചുകഴിയുകയായിരുന്നു. ബിനു മോനെ ഈ ഭാഗത്ത് കണ്ടതായി വൈകീട്ട് തന്നെ നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് സ്ഥലത്ത് എത്തി പരിശോധന നടത്തിയ പോലീസിനെക്കണ്ട് ഓടിയ പ്രതിയെ തൊട്ടടുത്തെ പാടത്ത് കോട്ടയം ഈസ്റ്റ് പോലീസും പാമ്പാടി പോലീസും കോട്ടയം പാലാ എന്നിവിടങ്ങളിലെ ജയിൽ വാർഡൻമാരും ചേർന്നാണ് പിടികൂടിയത്.
കളക്ടറേറ്റിനുസമീപം മുട്ടമ്പലം ഉറുമ്പനത്ത് ഷാൻ ബാബുവിനെ (19) കൊന്ന കേസിൽ അഞ്ചാംപ്രതിയാണ് ബിനുമോൻ. ജയിലിൽ അടുക്കള ജോലിയായിരുന്ന ബിനുമോനുൾപ്പെടെയുള്ള ആറുപ്രതികളെ രാവിലെ 4.50-ഓടെ സെല്ലിൽനിന്ന് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുറകിലെ വാതിൽ വഴി ഇയാൾ ചാടിപ്പോയത്.