നെയ്യാറ്റിൻകര: പ്രസവിച്ച് നാലുദിവസം മാത്രം പ്രായമായ കുഞ്ഞ് നിലത്തുവീണ സംഭവത്തിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രക്തപരിശോധനയ്ക്കിടെ ലേബർറൂമിലെ റേഡിയന്റ് വാമറിൽനിന്ന് നവജാതശിശു തെറിച്ചുനിലത്തുവീഴുകയായിരുന്നു. കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടലുണ്ട്.
കാഞ്ഞിരംകുളം, ലൂർദുപുരം സന്ധ്യാലയത്തിൽ സുരേഷിന്റെയും ഷീലയുടെയും നാലുദിവസം പ്രായമുള്ള ആൺകുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. സ്‌കാൻ ചെയ്തപ്പോൾ തലയോട്ടിക്ക് പൊട്ടൽ കണ്ടതിനെത്തുടർന്ന് കുഞ്ഞിനെ എസ്എടി ആശുപത്രിലേക്കു മാറ്റി. നിലവിൽ കുഞ്ഞിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ചയാണ് ജനറൽ ആശുപത്രിയിൽ ഷീല ആൺകുഞ്ഞിനു ജന്മം നൽകിയത്. ശനിയാഴ്ച ആശുപത്രി വിടാനിരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിന്റെ ശരീരത്തിൽ മഞ്ഞനിറം കണ്ടതിനാൽ രക്തപരിശോധന നടത്തിയശേഷം ആശുപത്രി വിടാമെന്ന് അറിയിച്ചു. തുടർന്ന് ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. രാവിലെ നഴ്സ് എത്തി അമ്മൂമ്മ അനിതയോടൊപ്പം കുഞ്ഞിനെ ലേബർറൂമിലെത്തിച്ചു. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതിനായുള്ള റേഡിയന്റ് വാമറിൽ കിടത്തിയശേഷം രക്തമെടുക്കുന്നതിനിടെ കുഞ്ഞ് തെറിച്ച് താഴെ വീഴുകയായിരുന്നു.
ഒരുമേശയുടെ അത്രയും ഉയരുമുള്ളതാണ് റേഡിയന്റ് വാമർ. കുഞ്ഞ് നിലത്തുവീണതോടെ കൂടെയുണ്ടായിരുന്ന അമ്മൂമ്മ നിലവിളിച്ചു. ഇതോടെ നഴ്‌സ് കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചു. കുഞ്ഞിന് മുലപ്പാൽ നൽകി. ഇതിനുശേഷം സിടി സ്‌കാൻ എടുത്തു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആംബുലൻസിൽ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി.
നവജാതശിശു നിലത്തുവീണ സംഭവത്തിൽ ഡിഎംഒയ്ക്ക് അടിയന്തിര റിപ്പോർട്ട് നൽകിയതായി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എസ് വത്സല പറഞ്ഞു. രക്തമെടുക്കുമ്പോൾ കുഞ്ഞിന്റെ അമ്മൂമ്മയും റേഡിയന്റ് വാമറിനടുത്തുണ്ടായിരുന്നു. ജീവനക്കാരുടെ വീഴ്ചയുണ്ടായോയെന്ന് കൂടുതൽ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് പറഞ്ഞു.
നിലവിൽ കുട്ടി എസ്എടിയിൽ ന്യൂബോൺ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ആശുപത്രിജീവനക്കാരുടെ പിഴവാണ് അപകടത്തിനു കാരണമായതെന്ന് രക്ഷിതാക്കൾ പരാതി നൽകി.നെയ്യാറ്റിൻകര പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നവജാതശിശു താഴെവീണ് പരിക്കേറ്റ സംഭവത്തിൽ ആശുപത്രിജീവനക്കാരുടെ ഗുരുതരവീഴ്ചയുണ്ടെന്ന് കുഞ്ഞിന്റെ അച്ഛൻ സുരേഷ് പറയുന്നു.ആരോഗ്യ വകുപ്പിനും പരാതി നൽകുമെന്നും സുരേഷ് വ്യക്തമാക്കി.