ദുര്‍ഗ്ഗക്ക് പൂര്‍ണ സപ്പോര്‍ട്ട്! ലിപ്ലോക്കിന്റെ പേരില്‍ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവര്‍ക്ക് ഒരു ലോഡ് പുച്ഛം; നിങ്ങളുടെ ദുര്‍ഗന്ധവും വ്രണങ്ങളും എന്നെ ബാധിക്കില്ല; ദുര്‍ഗ്ഗയുടെ ഭര്‍ത്താവ്

നടി ദുര്‍ഗ കൃഷ്ണക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ അര്‍ജുന്‍ രവീന്ദ്രന്‍ രംഗത്ത്. കേവലം ഒരു ലിപ്ലോക്കിന്റെ പേരില്‍ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവര്‍ക്ക് ഒരു ലോഡ് പുച്ഛമാണ് ഉത്തരമായി നല്‍കാനുള്ളതെന്ന് അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ വിധം ദുര്‍ഗ്ഗക്ക് പൂര്‍ണ സപ്പോര്‍ട്ട് തന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടര്‍ന്നും ഉണ്ടാകുമെന്നും അര്‍ജുന്‍ പറഞ്ഞു.

‘കുടുക്ക് 2025’ എന്ന സിനിമയിലെ കൃഷ്ണ ശങ്കറിനൊപ്പം അഭിനയിച്ച ലിപ് ലോക്ക് രംഗത്തിന്റെ പേരിലാണ് ദുര്‍ഗ കൃഷ്ണക്ക് എതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ വന്നതിന് പിന്നാലെ വീണ്ടും നടിക്കെതിരെ അധിക്ഷേപങ്ങള്‍ നടന്നു. ഈ അവസരത്തിലാണ് അര്‍ജുന്‍ തന്നെ രംഗത്തെത്തിയത്.

ദുര്‍ഗ കൃഷ്ണയുടെയും അര്‍ജുന്‍ രവീന്ദ്രനും പ്രണയിച്ച് വിവാഹിതരായവരാണ്.
വിവാഹ ശേഷവും ദുര്‍ഗ അഭിനയരംഗത്ത് സജീവമാണ്. ലിപ് ലോക്കിന്റെ പേരില്‍
ദുര്‍ഗയെ മാത്രമല്ല അര്‍ജുനേയും കുടുംബത്തെയും വരെ പലരും വിമര്‍ശിച്ചിരുന്നു.

വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ, എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുര്‍ഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാന്‍ ഉള്ള കോമണ്‍ സെന്‍സ് ഉള്ളത് കൊണ്ടും, കേവലം ഒരു ലിപ്ലോക്കിന്റെ പേരില്‍ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകല്‍ മാന്യന്‍മാര്‍ക്കും കുലസ്ത്രീകള്‍ക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നല്‍കുന്നെന്ന് അര്‍ജ്ജുന്‍ കുറിച്ചു.

അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കള്‍ പൊട്ടുമ്പോള്‍ അത് ദുര്‍ഗ്ഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ വിധം ദുര്‍ഗ്ഗക്ക് പൂര്‍ണ സപ്പോര്‍ട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടര്‍ന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു എന്നുമായിരുന്നു അര്‍ജ്ജുന്‍ കുറിച്ചത്.

എല്ലായ്പ്പോഴും എനിക്കൊപ്പമുള്ളതിന് നന്ദി ഉണ്ണിയേട്ടാ, ഐ ലവ് യൂ എന്നായിരുന്നു അര്‍ജുന്റെ പോസ്റ്റിന് താഴെയായി ദുര്‍ഗ കുറിച്ചത്.

ദുര്‍ഗയ്ക്ക് പിന്തുണയുമായി സംവിധായകനായ ബിലഹരിയും നടന്‍ കൃഷ്ണ ശങ്കറും രംഗത്തെത്തിയിരുന്നു. ദുര്‍ഗയുടെ കൂടെ നായകനായി അഭിനയിച്ച താന്‍ സുഖമായി ഉറങ്ങുമ്പോള്‍ ഇപ്പോഴും ആളുകള്‍ ദുര്‍ഗയേയും ഭര്‍ത്താവ് അര്‍ജുനേയും അയാളുടെ വീട്ടുകാരേയും കുറിച്ച് മോശമായി സംസാരിക്കുന്നു. നട്ടെല്ലില്ലാത്തവന്‍ എന്ന് അവരുടെ ഭര്‍ത്താവിനെ പറയുന്നവരില്‍ എത്രപേര്‍ അയാളെപ്പോലെ ഭാര്യയോട് സ്നേഹനും വിശ്വാസവും അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും കാണിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതുമ്പോള്‍ സ്വന്തം വീട്ടുകാരെ സ്മരിക്കണമെന്നുമായിരുന്നു കൃഷ്ണ ശങ്കര്‍ കുറിച്ചത്.

Exit mobile version