കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികളെയും മാതാപിതാക്കളെയും അവഹേളിക്കുന്ന സംഭാഷണം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൃഥ്വിരാജ് ചിത്രം ‘കടുവ’യ്ക്ക് നോട്ടീസ്. സിനിമയുടെ സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ ഉത്തരവിട്ടു.
ഭിന്നശേഷി കുട്ടികള്‍ ജനിക്കുന്നത് അവരുടെ മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്ന അര്‍ത്ഥത്തിലുള്ള ഡയലോഗ് നായക നടനായ പൃഥ്വിരാജ് പറയുന്നതായി ചൂണ്ടിക്കാട്ടി പരിവാര്‍ കേരള എന്ന ഭിന്നശേഷി സംഘടനയുടെ ജനറല്‍ സെക്രട്ടറി ആര്‍. വിശ്വനാഥന്‍ ഭിന്നശേഷി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭാഷണം തികച്ചും അര്‍ഥശൂന്യവും അശാസ്ത്രീയവുമാണെന്നും ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അത്യന്തം അവഹേളിക്കുന്നതുമാണെന്നും സംഭാഷണം 2016 ലെ ഭിന്നശേഷി അവകാശ നിയമ 92 -വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയില്‍ പറഞ്ഞു.
നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് മലയാളത്തില്‍ സംവിധാനം ചെയ്ത ‘കടുവ’ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാലായിലെ പ്ലാന്ററായി കടുവാക്കുന്നേല്‍ കുര്യാച്ചനെന്ന മാസ് ഹീറോ ആയാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്.