ആലുവ: റെയിൽവേ മേൽപാലത്തിന്റെ ഒത്തനടുക്കിൽ ബ്രേക്ക്ഡൗൺ ആയ കെഎസ്ആർടിസി ആർപ്പുവിളികളോടെ തള്ളി സ്റ്റാർട്ടാക്കി സ്‌കൂൾ വിദ്യാർത്ഥികൾ. ആർപ്പുവിളികളോടെ സഹായം നൽകിയ വിദ്യാർത്ഥികളുടെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് തരംഗം സൃഷ്ടിക്കുന്നത്. വഴിയാത്രക്കാർ ആരും തന്നെ സഹായത്തിന് എത്താതെ ഇരുന്നിടത്താണ് കുട്ടികൾ കയറി സഹായിച്ചതും സംഭവം കളറാക്കിയതും.
പറവൂരിൽ നിന്ന് ആലുവയിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസ് വൈകിട്ടു 4നു പാലസ് റോഡിൽ ടൗൺ ഹാളിനു മുൻപുള്ള കയറ്റം കയറിക്കഴിഞ്ഞാണു പൊടുന്നനെ നിന്നത്. ഡ്രൈവറും കണ്ടക്ടറും പല വിദ്യകളും പരീക്ഷിച്ചെങ്കിലും ബസ് സ്റ്റാർട്ടായില്ല. ക്ഷമ നശിച്ച യാത്രക്കാരിൽ ഭൂരിഭാഗവും സ്റ്റാൻഡ് തൊട്ടടുത്തായതിനാൽ ഇറങ്ങിപ്പോവുകയും ചെയ്തു. പാലത്തിനു നടുവിൽ മുന്നോട്ടും പിന്നോട്ടും എടുക്കാനാവാതെ ബസ് കിടന്നതോടെ നഗരം ഗതാഗതക്കുരുക്കിലായി.
വാഹനങ്ങളുടെ നിര ഇരുവശത്തും നീണ്ടു. ഹോണുകൾ അടിച്ച് മറ്റ് വണ്ടികളുടെ പരക്കം പാച്ചിലും. ഡ്രൈവറുടെയും കണ്ടക്ടറുടെയും നിസ്സഹായത കണ്ട വഴിയാത്രികരിൽ ചിലർ ബസ് തള്ളി നീക്കാൻ വന്നില്ല. അപ്പോഴാണു ക്ലാസ് കഴിഞ്ഞു തൊട്ടടുത്ത എസ്എൻഡിപി സ്‌കൂളിലെ കുട്ടികൾ റോഡിൽ ഇറങ്ങിയത്. അവർ ഒത്തുപിടിച്ചു. ആർപ്പുവിളിയോടെ ആനവണ്ടി പിന്നിൽ നിന്നു തള്ളി. അതോടെ ബസ് സ്റ്റാർട്ടായി. ഡ്രൈവർ ടൗൺ ഹാളിനു മുൻപിലെ ഒഴിഞ്ഞ സ്ഥലത്തേക്കു ബസ് നീക്കിയിട്ടു ഗതാഗതം പുനഃസ്ഥാപിച്ചു. കുട്ടികളെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽമീഡിയ.
Discussion about this post