‘കഴിഞ്ഞ വര്‍ഷം ഞാന്‍ ഹാപ്പി ബര്‍ത്ത്ഡേ പറഞ്ഞതാണ്, സമ്മാനം നല്‍കുകയും ചെയ്തു,ഈ പിറന്നാളിനുപക്ഷേ…ഈ സ്‌ളാബിനു താഴെ എന്നെ പ്രാണനെപ്പോലെ സ്‌നേഹിച്ച ഒരാളുണ്ടെന്ന തോന്നല്‍, ഈ ലോകത്തില്‍ എനിക്ക് സമാധാനിക്കാന്‍ വേറെ എന്താണുള്ളത്?’ പ്രിയപ്പെട്ടവന്റെ ജന്മദിനത്തില്‍ കുഴിമാടത്തിനരികെ നീനു

മേയ് 28-നായിരുന്നു കെവിന്റെ ജീവന്‍ നീനുവിന്റെ അപ്പനും സഹോദരനും മറ്റും ചേര്‍ന്ന് ഇല്ലാതാക്കിയത്.

കോട്ടയം: ഇന്ന് കെവിന്റെ 24ാം ജന്മദിനമാണ്. കെവിനെ അത്രപ്പെട്ടന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ പറ്റില്ല. ദുരഭിമാനക്കൊലയുടെ ഇര. ജീവന് തുല്യം സ്‌നേഹിച്ചവളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടമായ ഒരു ചെറുപ്പക്കാരന്‍.

ഇന്ന് അവന്റെ കുഴിമാടത്തിനരികെ കൈ നിറയെ ചുവന്ന റോസാപ്പൂക്കളുമായി അവളെത്തി. അവന്റെ പ്രിയപ്പെട്ട നീനു. കൂട്ടുകാരിക്കൊപ്പം സെമിത്തേരിയിലെത്തി കെവിന് റോസാപ്പൂക്കള്‍ സമ്മാനിച്ചു.

‘കഴിഞ്ഞ വര്‍ഷം ഞാന്‍ ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞതാണ്, സമ്മാനം നല്‍കുകയും ചെയ്തു, ഈ പിറന്നാളിനുപക്ഷേ…ഈ സ്ളാബിനു താഴെ എന്നെ പ്രാണനെപ്പോലെ സ്നേഹിച്ച ഒരാളുണ്ടെന്ന തോന്നല്‍തന്നെ ഒരു സമാധാനമാണ്. ഈ ലോകത്തില്‍ എനിക്ക് സമാധാനിക്കാന്‍ വേറെ എന്താണുള്ളത്…’നീനു ചോദിക്കുന്നു

നീനുവിന് 2018 നഷ്ടങ്ങളുടെ വര്‍ഷമാണ്. കഴിഞ്ഞ മേയ് 28-നായിരുന്നു കെവിന്റെ ജീവന്‍ നീനുവിന്റെ അപ്പനും സഹോദരനും മറ്റും ചേര്‍ന്ന് ഇല്ലാതാക്കിയത്. ആരുമില്ലാതായിപ്പോയ നീനുവിന് കരുത്തായത് കെവിന്റെ കുടുംബമായിരുന്നു. മകന്റെ ജീവന്‍ ഇല്ലാതാവാന്‍ കാരണമായവള്‍ എന്ന് പഴിക്കാതെ, അവന്‍ ജീവന്‍കൊടുത്ത് സ്‌നേഹിച്ചവളെ മകളായിക്കണ്ട് കൂടെ നിര്‍ത്തി.

ഇടയ്ക്കിടെ നീനു തന്റെ പ്രിയപ്പെട്ടവന്റെ കുഴിമാടത്തിനരികെയെത്തും. കുറച്ച് നേരം അവിടെ ഇരിക്കുമ്പോള്‍ അവള്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസമാണ്. എന്നാല്‍ തോറ്റുകൊടുക്കാന്‍ അവള്‍ തയ്യാറല്ല. ‘എന്റെ തോല്‍വി കാണാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ടെന്നറിയാം.ഞാന്‍ തോറ്റുപോയാല്‍ കെവിന്‍ചേട്ടന്റെ ആത്മാവ് വേദനിക്കും. എനിക്ക് ജീവിച്ചുകാണിക്കണം, എന്റെ വാവച്ചനുവേണ്ടി.’ കെവിനെ പ്രിയപ്പെട്ടവര്‍ വിളിക്കുന്ന പേരാണ് വാവച്ചന്‍.

Exit mobile version