ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചതിനെതിരെ നടി ദുര്‍ഗാ കൃഷ്ണയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍ കൃഷ്ണ ശങ്കര്‍. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന കുടുക്ക് സിനിമയിലെ ലിപ്‌ലോക്ക് രംഗങ്ങളുമായി ബന്ധപ്പെട്ടാണ് നടിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്.
ഇത് കാരണം ദുര്‍ഗയ്ക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവരുടെ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാണെന്നും അതിനു മാറ്റം കൊണ്ടുവരേണ്ടത് നമ്മള്‍ ഓരോരുത്തരുമാണെന്നും കൃഷ്ണ ശങ്കര്‍ പറയുന്നു.
തങ്ങള്‍ രണ്ടുപേരും ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീന്‍ കാരണം ദുര്‍ഗയെ മാത്രം വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് കൃഷ്ണ ശങ്കര്‍ പറയുന്നു. അതില്‍ താനും കൂട്ടുപ്രതിയാണെന്നും പക്ഷേ വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണ്, താരം പറയുന്നു.
ഇതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മോശം എക്‌സ്പീരിയന്‍സ് കൊണ്ട് ആ സിനിമ തന്നെ ഇവര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവരുടെ ഏറ്റവും വലിയ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകുമെന്നും കൃഷ്ണ ശങ്കര്‍ വ്യക്തമാക്കി.
‘ഇന്ന് കുറച്ചു നേരം മുമ്പ് ദുര്‍ഗ കൃഷ്ണയുടെ ഒരു കോള്‍ വന്നു. ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീന്‍ കാരണം ഇപ്പോഴും, ഇന്ന് ഈ രാത്രിയിലും ദുര്‍ഗയെയും അവരുടെ ഭര്‍ത്താവ് അര്‍ജുനെയും വീട്ടുകാരെയും പറ്റി മോശമായി സംസാരിക്കുന്നു. ഇതില്‍ കൂട്ടുപ്രതിയായ ഞാന്‍ എന്റെ വീട്ടില്‍ കുട്ടികളെയും കളിപ്പിച്ച് ഭാര്യയുമായി സുഖമായി ഉറങ്ങാന്‍ പോകുന്നു. രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്.
പക്ഷേ വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണ്. ഇതിനു മുമ്പ് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതു പോലെ ഒരു നല്ല കഥയുണ്ട്, പക്ഷേ അതില്‍ അഞ്ച് ലിപ്ലോക്കുമുണ്ട്. എന്നു പറഞ്ഞാല്‍ ലിപ്ലോക്കിന്റെ ആശങ്കകള്‍ മാറ്റിവച്ച് ഒരു സെക്കന്‍ഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാന്‍ ചെയ്യാം. കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം.
പക്ഷേ അതു തന്നെ ഇവര്‍ക്ക് വരുമ്പോള്‍ കഴിഞ്ഞ പടത്തില്‍ ഇതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മോശം എക്‌സ്പീരിയന്‍സ് കൊണ്ട് ആ സിനിമ തന്നെ ഇവര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവരുടെ ഏറ്റവും വലിയ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും. ഇതിനൊരു മാറ്റം നമ്മള്‍ തന്നെ കൊണ്ടുവരണം,
നട്ടെല്ലില്ലാത്തവന്‍ എന്ന് അവരുടെ ഭര്‍ത്താവിനെ പറയുമ്പോള്‍ എത്ര ആളുകളുണ്ട് അയാളെപ്പോലെ ഭാര്യയോടുള്ള സ്‌നേഹവും വിശ്വാസവും അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവര്‍. അതുകൊണ്ട് ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതുമ്പോള്‍ ഒരു നിമിഷം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക.