തിരുവനന്തപുരം: രാജ്യസഭാ എംപിയായി നാമനിര്‍ദേശം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി അറിയിച്ച് ഒളിംപ്യന്‍ പിടി ഉഷ. തന്റെ രാജ്യസഭാംഗത്വം ഇന്ത്യന്‍ സ്‌പോര്‍ട്‌സിനുളള അംഗീകാരമാണ്. തനിക്ക് രാഷ്ട്രീയത്തേക്കാള്‍ പ്രധാന്യം സ്‌പോര്‍ട്‌സ് ആണെന്നും പി ടി ഉഷ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
അപ്രതീക്ഷിതമായി കിട്ടിയ അംഗീകാരമാണ് എംപി സീറ്റ്. വ്യക്തികള്‍ വ്യത്യസ്തമാണ്. താന്‍ രാജ്യസഭ എംപിയായാല്‍ സുരേഷ് ഗോപിയുടെ മോഡലായിരിക്കണമെന്നില്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടെന്നും പി ടി ഉഷ കൂട്ടിച്ചേര്‍ത്തു. തനിക്ക് ബിജെപിയെയും കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഇഷ്ടമാണെന്നും പി.ടി. ഉഷ കൂട്ടിച്ചേര്‍ത്തു.
തന്റെ രാജ്യസഭാ നോമിനേഷനെ വിമര്‍ശിച്ച സിപിഎം നേതാവ് എളമരം കരീമിനും പി ടി ഉഷ മറുപടി നല്‍കി. എളമരം കരീമിനെ ഞാന്‍ ബഹുമാനിക്കുകയും അടുത്തറിയുകയും ചെയ്യുന്ന നേതാവാണ്. കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹത്തെ അറിയാം. ആര്‍ക്ക് ആരെക്കുറിച്ചും എങ്ങനെയും പറയാന്‍ അധികാരമുണ്ട്. അത് അങ്ങനയെ കാണുന്നുള്ളു. രാഷ്ട്രീയമല്ല സ്‌പോര്‍ട്‌സാണ് പ്രധാനമെന്നും ഉഷ പറഞ്ഞു.
മോഡി കായിക താരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രധാനമന്ത്രിയാണ്. തനിക്കെതിരെ വിമര്‍ശനമുന്നയിച്ച എളമരം കരീമിനോട് ബഹുമാനം മാത്രമാണുളളത്. അദ്ദേഹത്തെ തനിക്ക് വര്‍ഷങ്ങളായി അറിയാം. വിമര്‍ശിച്ചത് കാര്യമാക്കുന്നില്ല. എംപിയായാലും ഉഷാ സ്‌കൂളുമായി മുന്നോട്ട് പോകുമെന്ന് പി ടി ഉഷ വ്യക്തമാക്കി.
വിവിധ മേഖലകളിലെ പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്ന പട്ടികയിലാണ് ഇളയരാജ, കെ വി വിജയേന്ദ്ര പ്രസാദ് എന്നിവര്‍ക്കൊപ്പം പി ടി ഉഷയും ഇടം നേടിയത്.
ഉഷയെ ബിജെപി നിര്‍ദേശത്താല്‍ രാജ്യസഭയിലേക്ക് അയക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായ ഒന്നല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്കുള്ള വരവ് ചര്‍ച്ചയായിരുന്നു. ചില ബിജെപി നേതാക്കള്‍ ഉഷയോട് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിയാവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഉഷയുടെ ഔദ്യോഗിക ബിജെപി പ്രവേശനം നടന്നില്ല.