കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസിയെ രൂക്ഷമായി വിമര്‍ശിച്ച് നവുമായി നടി മംമ്ത മോഹന്‍ദാസ്. ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യുന്നവര്‍ സംഘടനയില്‍ ഉണ്ടെന്നും ഇരയാകാന്‍ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല എന്നും മംമ്ത മോഹന്‍ദാസ് തുറന്നടിച്ചു മീഡിയ വണ്ണിനോടായിരുന്നു മംമ്തയുടെ പ്രതികരണം.
‘ഞാന്‍ വല്ലപ്പോഴും മാത്രമാണ് ‘അമ്മയുടെ’ മീറ്റിംഗുകളില്‍ പോകുന്നത്. വനിതാ ദിനത്തിന്റെ ഒരാഘോഷത്തില്‍ പല രൂപത്തിലും നിറത്തിലുമുള്ള സുന്ദരികളായ സ്ത്രീകള്‍ അവിടെ ഒരുമിച്ചു കൂടുന്നു. ‘അമ്മയില്‍’ നിന്ന് പുറത്ത് പോയവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്, അതവരുടെ കാര്യം മാത്രമാണ്,’ മംമ്ത പറഞ്ഞു.
അവരവരുടെ ഗുണത്തിന് വേണ്ടിയല്ലാതെ ഇരകള്‍ക്ക് വേണ്ടി യഥാര്‍ഥമായി നില്‍ക്കാനായാല്‍, ഡബ്ല്യൂസിസിയ്ക്ക് ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുമെങ്കില്‍ അത് നല്ലതാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് വശങ്ങളുണ്ട്. എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് രണ്ട് വശത്തുള്ളവരും കാരണക്കാരാണ്. ചുരുക്കം ചില സംഭവങ്ങളില്‍ ഒഴികെ സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കുന്നുണ്ട്. ഇരയാകാന്‍ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല. ആക്രമിക്കപ്പെട്ട നടി എല്ലാകാലത്തും ഇരയാകാന്‍ നില്‍ക്കരുത്.
ആ സംഭവത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ തയാറാകണം. പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കില്‍ കാര്യങ്ങള്‍ നേരത്തെ മനസ്സിലാക്കാനുള്ള കഴിവും സ്ത്രീകള്‍ക്കുണ്ടെന്നും മംമ്ത മോഹന്‍ദാസ് വ്യക്തമാക്കി.